pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ മഴ തുടരുന്നതിനിടെ പദ്മനാഭപുരം കൊട്ടാരത്തിന്റെ ചുറ്റുമതിൽ തകർന്നു. 18,000 മീറ്റർ ചുറ്റളവുള്ള മതിലിന്റെഒരു ഭാഗമാണ് തകർന്നുവീണത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രി ആയിരുന്നതിനാലും സഞ്ചാരികൾ ഇല്ലാത്തതിനാലും വലിയ അപകടം ഒഴിവായി. പൂർണമായും കരിങ്കല്ലുകൊണ്ട് നിർമ്മിച്ച മതിലാണ് തകർന്നത്.

കൊട്ടാരത്തിന്റെ ചുറ്റുമതിലിന്റെ എല്ലാഭാഗവും കാലപ്പഴക്കം കാരണം തകർച്ചാഭീഷണി നേരിടുകയാണ്. എന്നാൽ ഇവിടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിദേശികളടക്കം നിരവധി സഞ്ചാരികൾ എത്തുന്ന ഇവിടെ മതിലിന്റെ അവസ്ഥ വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് സഞ്ചാരികൾ ആവശ്യപ്പെടുന്നത്.