തിരുവനന്തപുരം: മുട്ടത്തറയിലെ കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരം പൊലീസ് പിടികൂടി. സംഭവത്തിൽ കുളത്തുമ്മൽ കൈരളി നഗറിൽ ഷിബുവിനെ ( 39 ) നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റുചെയ്‌തു.

മുട്ടത്തറ സജീവ് നഗറിലെ കടയിൽ പുകയില ഉത്പന്നങ്ങൾ വൻതോതിൽ വിൽക്കുന്നതായി നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മിഷണർ ഷീൻ തറയലിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൂന്തുറ എസ്.എച്ച്.ഒ സജികുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ടീമും പൂന്തുറ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കടയോട്‌ ചേർന്നുള്ള വീട്ടിലെ ഗോഡൗണിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. പ്രതിയുടെ കടയുടെ ലൈസൻസ് റദ്ദാക്കുമെന്നും കമ്മിഷണർ അറിയിച്ചു.