
ശ്രീകാര്യം: കാര്യവട്ടത്തിന് സമീപം കുറ്റിച്ചലിൽ യൂണിവേഴ്സിറ്റി കാമ്പസിന്റെ മതിൽ ഉൾപ്പെടെ മണ്ണിടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം.
ടെക്നോപാർക്ക് ജീവനക്കാരനായ പ്രദീപും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അടുക്കളയുടെ ഭാഗം തകർന്ന് വീടിനുള്ളിൽ മണ്ണും കല്ലും നിറഞ്ഞു. ശബ്ദംകേട്ട് പ്രദീപിന്റെ ഭാര്യയും മാതാപിതാക്കളും വീടിന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അമ്പതടിയോളം ഉയരത്തിൽ നിന്നാണ് മരങ്ങളും മണ്ണും താഴേക്ക് പതിച്ചത്. ഒരാഴ്ച മുമ്പ് ഇതിന് തൊട്ടടുത്ത് മണ്ണിടിഞ്ഞിരുന്നു. ദുരന്ത നിവാരണ അതോറിട്ടി നോട്ടീസ് നൽകിയതിന് പിന്നാലെ മറ്റൊരു വീട് കണ്ടെത്തി താമസം മാറാനിരിക്കെയാണ് അപകടം.