veena

തിരുവനന്തപുരം: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഡിസംബർ ഒന്നിന് ശേഷം വന്നവരിൽ മൂന്നു പേരുടെ സാമ്പിളുകൾ കൊവിഡ് പോസിറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒമിക്രോൺ തിരിച്ചറിയുന്നതിനായി ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൊവിഡ് പോസിറ്റീവായവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കുന്നുണ്ട്. കേന്ദ്ര മാർഗനിർദേശങ്ങൾ പ്രകാരമുള്ള പരിശോധനയാണ് നടത്തുന്നത്. ആദ്യഘട്ടത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ചുള്ള ഹൈ റിസ്‌ക് രാജ്യങ്ങളിൽ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെ നിന്നും വന്ന ചിലരെ ആദ്യം പരിശോധിക്കാതിരുന്നത്. കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തിൽ റഷ്യയുണ്ട്. ഇപ്പോൾ റഷ്യയിൽ നിന്നു വരുന്ന യാത്രക്കാരേയും പരിശോധിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളെ കാണുന്നത് വിലക്കിയ ആരോഗ്യഡയറക്ടറുടെ സർക്കുലറിലും മന്ത്രി വ്യക്തത വരുത്തി. ഡി.എം.ഒ.മാർ മാദ്ധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.