
മലയിൻകീഴ്: വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ വാതിൽ കുത്തിത്തുറന്ന് 7 പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കവർന്നു. സെക്രട്ടേറിയറ്റിലെ അഡിഷണൽ സെക്രട്ടറി ചൂഴാറ്റുകോട്ട പാമാംകോട് രേവവന്ദനത്തിൽ കെ. സുനിൽകുമാറിന്റെ വീട്ടിലായിരുന്നു മോഷണം. ഒരു റാഡോ വാച്ചും ലാപ് ടോപ്പ് കമ്പ്യൂട്ടറും മോഷ്ടാക്കൾ കൊണ്ടുപോയി. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവമെന്നാണ് സംശയിക്കുന്നത്.
സുനിൽകുമാറും കുടുംബവും ശനിയാഴ്ച വൈകിട്ട് മണക്കാടുള്ള ബന്ധുവീട്ടിൽ പോയിരുന്നു. ഞായറാഴ്ച രാത്രി ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിലിന്റെ പൂട്ട് തകർക്കാൻ കഴിയാത്തതിനാൽ വാതിലിന്റെ ഒരുഭാഗം തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് വള, മോതിരം, കമ്മൽ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ മലയിൻകീഴ് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. വാതിൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര വീടിനു സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. രണ്ട് മാസം മുമ്പ് പാമാംകോടുള്ള സ്റ്റുഡിയോയിലും മോഷണം നടന്നിരുന്നു. വിലയേറിയ കാമറയാണ് ഇവിടെ നിന്ന് നഷ്ടമായത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അടുത്ത മോഷണം.