
കിളിമാനൂർ: കിളിമാനൂർ പുതിയകാവിന് സമീപം തിങ്കളാഴ്ച വൈകിട്ട് മഴക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീടിനോട് ചേർന്ന് വൻ ഗർത്തം രൂപപ്പെട്ടു. പഴയകുന്നുമ്മേൽ പുതിയകാവിന് സമീപം സലീനയുടെ കരയ്ക്കാട്ടുവിളവീട്ടിന്റെ പുറത്തെ ഭിത്തിയോട് ചേർന്നാണ് മിന്നൽ പതിച്ചത്. ശക്തമായ മഴക്കൊപ്പം എത്തിയ മിന്നലിൽ വീടിനോട് ചേർന്ന് വൻ ശബ്ദംകേട്ടിരുന്നു. മഴ തോർന്ന് പുറത്തിറങ്ങിപരിശോധിച്ചപ്പോഴാണ് വീടിന്റെ ചുവരിനോട് ചേർന്ന് കുഴി രൂപപ്പെട്ടതായി കണ്ടെത്തിയത്. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ കിളിമാനൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി സംഭവസ്ഥലം പരിശോധിച്ചു. ഇടിമിന്നൽ ഏറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നതും വൃക്ഷങ്ങൾ കരിയുന്നതും നിത്യസംഭവമാണെങ്കിലും ഇടിമിന്നലിൽ ഗർത്തം രൂപപ്പെടുന്നത് ആദ്യസംഭവമെന്നാണ് നാട്ടുകാർ പറയുന്നത്.