
പൂവാർ: പൂവാറിലെ ടൂറിസ്റ്റ് മേഖലകളിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി നാട്ടുകാർ. ആറ്റുപുറം ചെക്ക് പോസ്റ്റും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. രാത്രികാലങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് കരമാർഗവും കടൽ മാർഗവുമെത്തിക്കുന്ന ലഹരി വസ്തുക്കൾ ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ഇതുസംബന്ധിച്ച് സംഘങ്ങൾ തമ്മിലുള്ള സംഘർഷവും പതിവാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ പരിധിയിലാണ് ഹോട്ടലുകളും റിസോർട്ടുകളും ഫ്‌ളോട്ടിംഗ് റസ്റ്റോറന്റുകളുടെയും പ്രവർത്തനം. ചെറുതും വലുതുമായി ഇരുപതിൽപ്പരം റിസോർട്ടുകളുണ്ടിവിടെ. ഇവയിൽ ബഹുഭൂരിപക്ഷവും ഗ്രാമപഞ്ചായത്തിന്റെ ബിൽഡിംഗ് പെർമിറ്റ് പോലും ഇല്ലാതെയാണ് നിർമ്മിച്ചിട്ടുള്ളത്. തീരദേശപരിപാലന നിയമവും ഇവർ പാലിച്ചിട്ടില്ല. നെയ്യാർ നദീതീരം കൈയേറിയത് കൂടാതെ ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽ കൈയേറിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പരിശോധനകളും കുറവ്
റിസോർട്ടുകൾ പലതും പ്രവർത്തിക്കുന്നത് ദ്വീപുകളിലായതിനാൽ ഇവിടെ എത്തിച്ചേരുന്നതിന് ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. അതിനാൽ എക്‌സൈസ്, പൊലീസ് വിഭാഗങ്ങളുടെ പരിശോധനയും പരിമിതമാണ്. കഴിഞ്ഞവർഷം പുതുവർഷത്തലേന്ന് പൊഴിയൂരിൽ ഡി.ജെ പാർട്ടി നടത്തിയത് വിവാദമായിരുന്നു. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായില്ലെന്നും ഇതാണ് ലഹരി മാഫിയയ്ക്ക് വളംവയ്ക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു