
ചിറയിൻകീഴ്: ക്രൈം നടക്കുമ്പോൾ ഓടിയെത്തേണ്ട പൊലീസ്, പെട്ടന്നെത്താൻ വാഹനങ്ങൾ തേടി അലയണം. പറഞ്ഞുവരുന്നത് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസ്ഥയാണ്. തീരദേശമേഖലയിലെ പൊലീസ് സ്റ്റേഷനായ ഇവിടെ രണ്ട് ജീപ്പുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് മാസങ്ങൾക്കുമുമ്പ് ആക്സിഡന്റിൽ പെട്ടു. അതിന്റെ ഭാഗമായി റിപ്പയറിംഗ് പണികൾ ഇതുവരെ നടന്നില്ല. തുടർന്ന് ആകെയുള്ള ഒരു പൊലീസ് ജീപ്പ് ഉപയോഗിച്ച് കാര്യങ്ങൾ തട്ടിമുട്ടി നടത്തിക്കൊണ്ടു പോകുമ്പോഴാണ് അതും പണിമുടക്കുന്നത്. ഇപ്പോൾ സ്റ്റേഷനിൽ ജീപ്പ് ഇല്ലാത്ത അവസ്ഥയാണ്.
പ്രതിവർഷം രണ്ടായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഈ സ്റ്റേഷൻ പരിധിയിൽ തന്നെ നിരവധി കോളനികളുണ്ട്. അക്രമങ്ങളും മയക്കുമരുന്ന്, കഞ്ചാവ് മാഫിയ കേസുകളുമൊക്കെ അടിക്കടി റിപ്പോർട്ട് ചെയ്യുന്ന സ്ഥലം കൂടിയാണ്. ഇതുകൂടാതെ മോഷ്ടാക്കളുടെ ശല്യവുമുണ്ട്. സ്റ്റേഷൻ പരിധിയിൽ തന്നെ നിരവധി റെയിൽവേ ഗേറ്റുകൾ ഉള്ളതിനാൽ പൊലീസിന് വാഹനങ്ങൾ ഉള്ളപ്പോൾ പോലും അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ കൃത്യസമയത്ത് റെയിൽവേ ഗേറ്റ് കടന്ന് എത്തിച്ചേരുവാൻ കഴിയാറില്ല. ഇപ്പോൾ വാഹനം കൂടി ഇല്ലാതായതോടെ ആ ക്ലേശം പതിന്മടങ്ങായി. വാടകയ്ക്ക് വാഹനങ്ങൾ കണ്ടെത്തിയും ഓട്ടോയിലും ബൈക്കിലുമൊക്കെയാണ് പൊലീസ് ഇപ്പോൾ ഇവിടെ ക്രമസമാധാന പാലനത്തിനായി ഓടി നടക്കുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യതയുള്ള പൊലീസിന് ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പ് വരുത്തുന്നതിനുമായി ഈ പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെയും അപാകതകൾ എത്രയുംവേഗം പരിഹരിച്ച് നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യ നിക്ഷേപവും രൂക്ഷം
വാഹനത്തിന്റെ അഭാവം കാരണം രാത്രികാല പട്രോളിംഗ് കുറവായതിനാൽ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. സ്റ്റേഷൻ പരിധിയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഴൂരിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യവും നിലനിൽക്കെയാണ് സ്റ്റേഷനിൽ ജീപ്പ് പോലും ഇല്ലാതാകുന്നത്. വാഹനങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ എന്തെങ്കിലും അതിക്രമങ്ങളോ ആപത്തോ സംഭവിക്കുമ്പോൾ സ്റ്റേഷനിൽ അറിയിച്ചാൽ തന്നെ സമയത്ത് പൊലീസ് എത്തുന്നില്ലെന്നുള്ള പരാതി വ്യാപകമാണ്.