
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പട്ടണത്തിൽ റോഡരുകിലും പൊതുനിരത്തുകളിലും മാലിന്യ നിക്ഷേപം പെരുകുന്നു. പ്ലാസ്റ്റിക്കും അറവ് ശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങളുമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളടക്കം കൂടിക്കലർന്ന് നിരത്തുകളിൽ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ശുചീകരണ തൊഴിലാളികളുടെ അഭാവമാണ് ഇത്തരത്തിൽ മാലിന്യം കുന്നുകൂടുന്നതിനിടയാക്കുന്നതെന്നാണ് ആക്ഷേപം. മാലിന്യ സംസ്കരണത്തിന് ഇനിയും മികച്ച പദ്ധതികൾ യാഥാർത്ഥ്യമാകാത്തതാണ് മാലിന്യം കുന്നുകൂടുന്നതിനിടയാക്കുന്നത്. 2005ൽ ഇളവനിക്കരയിലെ കുറകോട് എന്ന സ്ഥലത്ത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി തയാറാക്കി പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും ചില രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശവാസികളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഹരിതകർമ്മസേന രൂപീകരിച്ച് ഓരോ വീടുകളിൽ നിന്നും മാസം തോറും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങളുടെ ശേഖരണം നടത്തുന്നുണ്ട്. മാലിന്യനിറുമ്മാർജ്ജനായി നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി 24ഓളം എയ്റോബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 30 എയ്റോബിന്നുകൾ കൂടി ഈ വർഷം സ്ഥാപിക്കുമെന്നും നഗരസഭ പറയുന്നു. പൊതുനിരത്തുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ കൊണ്ടുചെന്ന് നിക്ഷേപിക്കുന്നത് നെയ്യാറിന്റെ തീരങ്ങളിലും ഏലാ പ്രദേശങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലുമാണ്.
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗ് ആരംഭിച്ചതായി ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ലിൻ വ്യക്തമാക്കി.