
ചിറയിൻകീഴ്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശാർക്കര ദേവീക്ഷേത്രത്തിലെ ആനകളായ ചന്ദ്രശേഖരനും ആഞ്ജനേയനും ഇനി ആശ്വസിക്കാം. രണ്ട് ആനകളുടെയും കൊമ്പിന്റെ വളർന്ന ഭാഗം ദേവസ്വം ബോർഡിന്റെയും വനംവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ മുറിച്ചുമാറ്റി.
കൊമ്പുകൾ തമ്മിൽ കൂട്ടിമുട്ടുന്ന അവസ്ഥയായതോടെ കൂട്ടുകൊമ്പുള്ള ചന്ദ്രശേഖരന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. കൊമ്പുകൾ ക്രമാതീതമായി വളർന്നിറങ്ങിയതോടെ ആഞ്ജനേയന്റെ പരിപാലനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായി. രാവിലെ 9.30ന് ആരംഭിച്ച ആഞ്ജനേയന്റെ കൊമ്പുമുറിക്കൽ ഉച്ചവരെ നീണ്ടു. ഉച്ചയോടെ ആരംഭിച്ച ചന്ദ്രശേഖരന്റെ കൊമ്പുമുറിക്കൽ വൈകിട്ട് അവസാനിച്ചു. എറണാകുളം സ്വദേശി വിനയനാണ് രണ്ടാനകളുടെയും കൊമ്പുകൾ മുറിച്ചത്.
മുറിച്ചെടുത്ത കൊമ്പുകൾ ഫോറസ്റ്റിന്റെ അധീനതയിലുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 2019ലാണ് കൊമ്പ് മുറിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് വനം വകുപ്പിനെ സമീപിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ കൊമ്പ് മുറിക്കൽ നീളുകയായിരുന്നു. ആറ്റിങ്ങൽ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി. രാഗേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജെ.വി. ബിജുകുമാർ, എൻ.എസ്. വിനു, ഇ.എം. ഷാജഹാൻ, കോട്ടൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഷിജു എസ്.വി, ദേവസ്വം ബോർഡ് വെറ്ററിനറി ഡോക്ടർ ടി. രാജീവ്, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഇൻ ചാർജ് എസ്.ആർ. സജിൻ, ശാർക്കര എ.ഒ ഇൻ ചാർജ് സുരേഷ് കുമാർ, ശാർക്കര ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, ആന പാപ്പാന്മാർ എന്നിവർ നേതൃത്വം നൽകി.