തിരുവനന്തപുരം: റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും നിയമ-ഭരണഘടനാ വിരുദ്ധമായ നീക്കങ്ങൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
സഹകരണ ജനാധിപത്യ വേദി ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ശാഖയ്‌ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ ഉപയോഗിക്കാൻ കഴിയാത്ത അധികാരം നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പരോക്ഷമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. റിസർവ് ബാങ്കിന്റെയോ കേന്ദ്രസർക്കാരിന്റെയോ പരിരക്ഷ സഹകരണ ബാങ്കുകൾക്ക് വേണ്ട. കേന്ദ്രനീക്കം വിജയിച്ചാൽ സഹകരണ ബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത തകരും. 2020ൽ ഇൗ നിയമം വന്നിട്ടും സംസ്ഥാനസർക്കാർ എന്തുകൊണ്ടാണ് ഒരു ചെറുവിരൽ പോലും അനക്കാത്തത് എന്നുള്ള കാര്യം അത്ഭുതപ്പെടുത്തുന്നു. ഒരുമിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിക്കണമെന്നും സതീശൻ പറഞ്ഞു.
ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എം. വിൻസന്റ് എം.എൽ.എ, സി.എം.പി സെക്രട്ടറി സി.പി. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പ്രതാപവർമ തമ്പാൻ, ആര്യാടൻ ഷൗക്കത്ത്, ജി. സുബോധനൻ ജനാധിപത്യ വേദി കൺവീനർ കെ.പി. ബേബി, ഇ. ഷംസുദ്ദീൻ, ജോഷി ഫിലിപ്പ്, രഘു , ഗംഗാധരൻ, കെ.വി. അഭിലാഷ്, അശോകൻ, പി.കെ. വേണുഗോപാൽ, എം.പി. സാജു, ശശി, എൻ. സുദർശനൻ, എം.ആർ. സൈമൺ, ഉദയൻ, ഹരി, സുകു, ജയൻ, ആർ. ലക്ഷ്മി, സുബ്രഹ്മണ്യ പിള്ള, ശ്രീകണ്ഠൻ നായർ, അവനീന്ദ്ര കുമാർ, ശൈലേന്ദ്രൻ, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
.