ആര്യനാട്: ടി.ടി ഇൻജക്ഷൻ എടുക്കാനെത്തിയ പെൺകുട്ടികൾക്ക് കൊവിഷീൽഡ് വാക്‌സിൻ മാറിയെടുത്ത ആര്യനാട് ആശുപത്രിയിൽ വീണ്ടും വിവാദം. ഇൻസുലിൻ മരുന്നുകൾ സൂക്ഷിക്കുന്ന ഫ്രിഡ്‌ജ് ഓഫാണെന്നും രോഗികൾക്ക് ഇതിൽ നിന്ന് മരുന്നെടുത്ത് കുത്തിവയ്പ്പ് നടത്തിയെന്നുമാണ് പുതിയ ആരോപണം. ഇക്കാര്യം ഇൻജക്ഷൻ വിവാദം അന്വേഷിക്കാനെത്തിയ ഡി.എം.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നാണ് പറഞ്ഞത്.

എന്നാൽ ഇന്നലെ രാവിലെ ആശുപത്രിയിൽ മറ്റ് വാക്‌സിനുകൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്‌ജും കേടായി. വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ. ഹരിസുധനും ആശുപത്രി വികസന സമിതിയംഗം ഈഞ്ചപ്പുരി സന്തുവും സ്ഥലത്തെത്തി ഡി.എം.ഒയെ വിവരം അറിയിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖയും അംഗങ്ങളായ കെ. ഹരിസുതൻ, എ.എം. ഷാജി, സുനിൽ കുമാർ എന്നിവരും സ്ഥലത്തെത്തി മെഡിക്കൽ ഓഫീസർ ഡോ. രാധികയെ നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് ഡി.എം.ഒ ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തി.

ആശുപത്രി വികസന

സമിതിയോഗം 10ന്

ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഗുരുതര വീഴ്ചകളും ആരോപണങ്ങളും ചർച്ച ചെയ്യുന്നതിന് 10ന് വൈകിട്ട് മൂന്നിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ അറിയിച്ചു.

"നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആശുപത്രിയിലെത്തിയത്. ഇൻസുലിന്റെ ഫ്രിഡ്‌ജ് ദിവസങ്ങളായി ഓഫാണെന്നാണ് പരാതി. ഇക്കാര്യം ഡി.എം.ഒയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇൻസുലിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷമേ ആളുകൾക്ക് നൽകാവൂ എന്ന് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധിച്ച സമയത്ത് മരുന്നുകൾ സൂക്ഷിക്കുന്ന സംവിധാനങ്ങൾ എല്ലാം ഒാണായിരുന്നു."

ഇന്ദുലേഖ,​ വെള്ളനാട് ബ്ലോക്ക്

പഞ്ചായത്ത് പ്രസിഡന്റ്

"ഫ്രീസർ കേടായെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആശുപത്രിയിൽ വാക്‌സിൻ സൂക്ഷിക്കുന്നത് ഐ.എൽ.ആർ സംവിധാനത്തിലാണ്. വൈദ്യുതിയില്ലെങ്കിലും 72 മണിക്കൂർ വരെ ഈ സംവിധാനത്തിൽ വാക്‌സിന് കുഴപ്പംവരില്ല. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ സ്ഥലത്തെത്തി ഇക്കാര്യം പരിശോധിച്ചു. എല്ലാ ദിവസവും ഐ.എൽ.ആർ സംവിധാനത്തിന്റെ താപനില രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡി.എം.ഒയ്ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്."

ഡോ. രാധിക,​ മെഡിക്കൽ ഓഫീസർ,

ആര്യനാട് സി.എച്ച്.സി

"ഗ്രാമീണ മേഖലയിലെ ആളുകളുടെ ആശ്രയമാണ് ആര്യനാട് ആശുപത്രി.

ആശുപത്രിയെക്കുറിച്ചുള്ള ആരോപണങ്ങൾ അടിയന്തരമായി അന്വേഷിക്കണം."

എൻ. ജയമോഹനൻ,​

ഡി.സി.സി സെക്രട്ടറി

"ആശുപത്രിയിൽ വാക്‌സിൻ സൂക്ഷിക്കുന്ന ഫ്രീസറുകൾ കേടാകുന്നത് അന്വേഷിക്കണം. ആളുകളുടെ ആരോഗ്യസംരക്ഷണം നടത്തേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണം."

കെ. ഹരിസുധൻ,​ ബ്ലോക്ക് ഡിവിഷൻ മെമ്പർ