niyamasabha

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി രണ്ടാം വാരത്തിൽ ചേർന്നേക്കും.

ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കം കുറിക്കുക. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണമാകും മുഖ്യ അജൻഡ. പത്ത് ദിവസമേ സമ്മേളനം ചേരാനിടയുള്ളൂ. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി മൂന്ന് ദിവസം, ബഡ്ജറ്റിന്റെ പൊതു ചർച്ചയ്ക്കായി മൂന്ന് ദിവസം എന്നിങ്ങനെയാകും നീക്കി വയ്ക്കുക. നാല് മാസത്തെ വോട്ട് ഓൺ അക്കൗണ്ട് കൂടി പാസാക്കി സമ്മേളനം പിരിയാനാണ് ആലോചിക്കുന്നത്. സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നത് ജൂണിലോ ജൂലായിലോ വിപുലമായി സമ്മേളനം ചേർന്നിട്ടാകും. സി.പി.എമ്മിന്റെ പാർട്ടി സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഫെബ്രുവരിയിൽ സമ്മേളനം ആലോചിക്കുന്നത്. ജനുവരി പത്തിന് സമ്മേളനം വിളിച്ചുചേർക്കാനുള്ള ശുപാർശ വന്നെങ്കിലും 15വരെ വിവിധ ജില്ലകളിൽ സി.പി.എമ്മിന്റെ സമ്മേളനങ്ങൾ നടക്കുന്നുണ്ട്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് എറണാകുളത്ത് സി.പി.എം സംസ്ഥാനസമ്മേളനം. ഏപ്രിലിൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസും. ജനുവരി 15 കഴിഞ്ഞാൽ ഫെബ്രുവരിയിലാണ് പാർട്ടി സമ്മേളനകാലത്തിന് ഇടവേളയുള്ളത് അതിനാലാണ് അപ്പോൾ സഭാസമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം.