
ബാലരാമപുരം: അമിതഭാരം കയറ്റി മരണപ്പാച്ചിൽ നടത്തിയ കരിങ്കൽ ലോറികളെ എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു. കട്ടച്ചൽക്കുഴി നാളികേര ഗവേഷണ കേന്ദ്രത്തിന് സമീപത്തായിരുന്നു സംഭവം. ഇതിന് തൊട്ടുമുമ്പ് അമിത ഭാരവുമായി മരപ്പാലം വഴി കടന്നുപോയ ലോറികളെ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വിനോദ് കോട്ടുകാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരംകുളം പൊലീസിനോട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വാഹനം പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉറപ്പുനൽകിയ പൊലീസ് അൽപ്പം കഴിഞ്ഞ് ലോറികൾ അവിടെ നിന്ന് പറഞ്ഞയച്ചു.
ഇതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം നേതാക്കളായ നന്ദുബാബുവിനെയും വിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തുകയും എം.എൽ.എയുടെ നേതൃത്വത്തിൽ കട്ടച്ചൽക്കുഴിക്ക് സമീപം പത്തോളം ലോറികൾ തടഞ്ഞിടുകയും ചെയ്തത്. എം.എൽ.എ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
പരിശോധനകൾ വഴിപാട്
വിഴിഞ്ഞത്തെ പുലിമുട്ട് നിർമ്മാണ മേഖലയിലേക്ക് അമിതഭാരവുമായി കടന്നുപോകുന്ന ലോറികളെ പൊലീസോ മോട്ടോർ വെഹിക്കിൾ വകുപ്പോ തടയാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡിൽ പൈപ്പ് പൊട്ടുന്നതിനും വൻകുഴികൾ രൂപ്പപ്പെടുന്നതിനും ഇത്തരം വാഹനങ്ങളാണ് പ്രധാന കാരണമെന്നും നാട്ടുകാർ പറയുന്നു.