wildboar

തിരുവനന്തപുരം: നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് വനം വകുപ്പ് 'കെണി'യൊരുക്കുന്നു. ഇത് സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പദ്ധതി താമസിയാതെ പ്രാവർത്തികമാവും. വന്യജീവികളുടെ വർദ്ധന അഞ്ചു വർഷത്തിനിടെ മുപ്പത് ശതമാനമായെന്നാണ് കണക്ക്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇക്കാലയളവിൽ മരിച്ചത് 591പേരാണ്.

കെണി ഇങ്ങനെ:

 കാട്ടുപന്നികളെ കൂടുകൾ വച്ച് പിടി കൂടി കടുവ സാന്നിദ്ധ്യമുള്ള വനങ്ങളിൽ വിടും. കടുവകൾക്ക് ഇരയും ലഭിക്കും.

 പന്നികളെ തടയാൻ വേലി. ഓടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കൾ.

 ആനകൾ അതിക്രമിച്ചെത്തുന്നത് തടയാൻ കിടങ്ങുകളും സൗരോർജ വേലികളും തൂക്കിയിടാവുന്ന സോളാർ വേലികളും

 ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകൾ

 സാന്നിദ്ധ്യം കണ്ടെത്താനും ശബ്ദമുണ്ടാക്കി ആനകളെ തുരത്താനും ഡ്രോൺ. പ്രശ്നക്കാരായ മൃഗങ്ങൾക്ക് റേഡിയോ കോളർ

 ശല്യക്കാരായ കുരങ്ങുകളെ പിടികൂടി മങ്കി ഷെൽട്ടറുകളിലാക്കും

 വൈദഗ്ദ്ധ്യമുള്ളവരെ ഉൾപ്പെടുത്തി 'കോൺഫ്ളിക്ട് മാനേജ്‌മെന്റ് ടീമുകൾ'

നഷ്ടപരിഹാരം

വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം. വനത്തിന് പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചാൽ 2 ലക്ഷം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് ഒരു ലക്ഷവും സ്ഥായിയായ അംഗവൈകല്യത്തിന് 2 ലക്ഷവും.