തിരുവനന്തപുരം: ജില്ലയിലെ നാല് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടണ്ണൽ ഇന്ന് നടക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് 57.65%, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട് 62.18%, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് 60.12%, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് 72.7% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
വെട്ടുകാട് വാർഡിൽ എൽ.ഡി.എഫ് കൗൺസിലറായിരുന്ന സി.പി.എമ്മിലെ സാബു ജോസ് കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനായിരുന്ന എൽ.ഡി.എഫിലെ എം. ശ്രീകണ്ഠൻ മരിച്ചതോടെയാണ് പോത്തൻകോട് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാർഡംഗമായിരുന്ന യു.ഡി.എഫിലെ എൽ.വി.വിപിൻ രാജിവച്ചതോടെയാണ് വിതുരയിലെ പൊന്നാംചുണ്ട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട് ഡിവിഷൻ പ്രതിനിധിയായിരുന്ന സി.പി.എമ്മിലെ ഒ.എസ്. അംബിക ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗമായപ്പോൾ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവച്ചു. തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.