d

തിരുവനന്തപുരം; ബാലരാമപുരം കൈത്തറിയുടെ മഹിമ ഇനി ഓസ്‌കാർ വേദിയിലൂടെ ലോകമറിയും. അടുത്ത മാർച്ചിലെ ഓസ്‌കാർ അവാർഡിൽ സെലിബ്രിറ്റികൾക്കായി രാജ്യാന്തര പ്രശസ്തയായ ഫാഷൻ ഡിസൈനർ സഞ്ജന ജോൺ ഒരുക്കുന്ന വസ്ത്രങ്ങളിൽ ബാലരാമപുരം കൈത്തറിയാകും പ്രധാന ഇനം .

പരമ്പരാഗത നെയ്ത്തുകാരുടെ തുണിത്തരങ്ങൾ ഉപയോഗിച്ച് സഞ്ജന ജോൺ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളണിഞ്ഞ് ലോകപ്രശസ്ത സെലിബ്രറ്റികൾ റാംപുകളിൽ നിറയുമ്പോൾ പശ്ചാത്തലത്തിൽ നെയ്ത്തുകാരുടെ ജീവിതം വിവരിക്കുന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. ഇതോടെ, വീടുകളോട് ചേർന്നുള്ള തറികളിൽ തുച്ഛമായ വരുമാനം പ്രതീക്ഷിച്ച് ഈടുറ്റ വസ്ത്രങ്ങൾ നെയ്‌തെടുക്കുന്ന നെയ്ത്തുകാരുടെ ജീവിതവും വസ്ത്രങ്ങളുടെ ഗുണമേന്മയും ആഗോള പ്രശസ്തിയിലെത്തും.

അടുത്ത ആഴ്‌ച സഞ്ജന ജോൺ ബാലരാമപുരത്തെ നെയ്ത്തുകാരുടെ ഗ്രാമം സന്ദർശിച്ച് വസ്ത്രങ്ങളുടെ ഡിസൈനുകൾ നൽകും. ഇൻഡോ - യൂറോപ്യൻ സംസ്കാരം ഒത്തുചേരുന്ന സവിശേഷമായ ഡിസൈനുകളിലുള്ള തുണികൾ നെയ്തെടുക്കും.
തുടർന്ന് നെയ്ത്തുകാരെ പറ്റിയുള്ള ഹ്രസ്വചിത്രത്തിന്റെ രൂപരേഖ സഞ്ജനയും സംഘവും തയ്യാറാക്കും. ഹ്രസ്വചിത്രം നിർമ്മിക്കാൻ സഞ്ജന ജോൺ സ്പോൺസർമാരെ സമീപിക്കുന്നുണ്ട്.

ബാലരാമപുരം കൈത്തറി തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഉപജീവനമാർഗത്തിനായുള്ള പദ്ധതികൾ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ ( സിസ്‌സ) തയ്യാറാക്കുന്നുണ്ട്. ബാലരാമപുരത്തെ നെയ്ത്തുകാരുടെ ഇന്നമനത്തിന് സഹകരിക്കണമെന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ അഭ്യർത്ഥനയുടെ ഭാഗമായാണ് സജ്ഞനയുടെ സന്ദർശനം.

""ബാലരാമപുരം കൈത്തറി എല്ലാ ഭംഗിയോടും പരമ്പരാഗത കെട്ടുറപ്പോടും ലോകം മുഴുവൻ വ്യാപിപ്പിക്കണം. ബാലരാമപുരം കൈത്തറി - സാരികൾക്കും ഫാബ്രിക് മെറ്റീരിയലുകൾക്കും അന്താരാഷ്ട്ര ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന രൂപമാറ്റം ആവശ്യമാണ്.""

-സഞ്ജന ജോൺ
ഫാഷൻ ഡിസൈനർ , സിനിമ സംവിധായിക


""നബാർഡുമായി സഹകരിച്ച്, 500 ഓളം കൈത്തറി നെയ്ത്തുകാരുമായി ഒരു കമ്പനി രൂപീകരിച്ച് ബാലരാമപുരം ഫാബ്രിക്സ് (ബി ഫാബ്) എന്ന പേരിൽ പരമ്പരാഗത തുണിത്തരങ്ങൾ വിപണിയിലിറക്കാൻ സിസ്‌സയുടെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചു.""


- ഡോ. സി. സുരേഷ്‌കുമാർ
ജനറൽ സെക്രട്ടറി,സിസ്‌സ