പോത്തൻകോട് : പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിനിടെ അയിരൂപ്പാറയിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് സി.പി.എം പ്രവർത്തകർക്കും പോത്തൻകോട് സി.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകരായ കണ്ണൻ (28), അഭിലാഷ് (26), ഉണ്ണി (27) എന്നിവരെ കന്യകുളങ്ങര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയിരൂപ്പാറ ജംഗ്ഷനിലായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്. അയിരൂപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സി.പി.എം പ്രവർത്തകർ അന്ധയായ യുവതിയെ എത്തിച്ച് വോട്ട് ചെയ്യിച്ചത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലും കല്ലേറിലും കലാശിച്ചത്. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കും നാട്ടുകാരിൽ ചിലർക്കും പരിക്കേറ്റത്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കല്ലേറിൽ സി.ഐയുടെ കൈക്കും ഒരു പൊലീസുകാരന്റെ തലയ്ക്കുമാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി.