വെഞ്ഞാറമൂട്: വെഞ്ഞറമൂട് പൊലീസ് സ്റ്റേഷനിൽ, ഒപ്പിടാൻ എത്തിയ ക്രിമിനൽക്കേസ് പ്രതിയുടെ അത്മഹത്യാശ്രമം. വെഞ്ഞാറമൂട് വെട്ടുവിള കോളനിയിൽ ശരത്ചന്ദ്രനാണ് (25) കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട് സ്റ്റേഷനിലെത്തിയ ഇയാളോട് ഒപ്പിടാൻ സാധിക്കില്ലെന്നും പുറത്തിറങ്ങണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ പ്രകോപിതനായ ശരത്ചന്ദ്രൻ സ്റ്റേഷന് മുന്നിലെ കടയിൽ നിന്ന് ബ്ളേഡ് വാങ്ങിയെത്തിയ ശേഷം കൈത്തണ്ട മുറിക്കുകയായിരുന്നു. ഉടൻ ഉദ്യോഗസ്ഥർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ച ഇയാൾ അപകടനില തരണം ചെയ്തു. നേരത്തെ നിരവധി കേസുകളിൽ പ്രതിയായിരുന്ന ഇയാൾക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തായി പൊലീസ് അറിയിച്ചു.