
ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നവർ ഏറ്റവും കൂടുതൽ വിമർശനവും ഏറ്റുവാങ്ങേണ്ടിവരും. മാങ്ങയില്ലാത്ത മാവിൽ ആരും കല്ലെറിയാറില്ല. ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന വിഭാഗമാണ് പൊലീസുകാർ. അതേസമയം ഏറ്റവുമധികം കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്നവരും. പലപ്പോഴും ഒറ്റപ്പെട്ട ചിലരുടെ മോശം പ്രവൃത്തികളാണ് ഇവർക്ക് കൂട്ടത്തോടെ ചീത്തപ്പേര് നല്‌കാൻ ഇടയാക്കുന്നത്. എന്നാൽ ക്രമസമാധാനപാലനത്തിനും സംഘർഷങ്ങൾ ഒഴിവാക്കാനും മോഷ്ടാക്കളെ പിടികൂടാനും ആലംബഹീനർക്ക് തുണ നല്‌കുന്നതിനും മറ്റും പൊലീസുകാർ നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണ്. പൊലീസിന്റെ ഘടനയും മേലുദ്യോഗസ്ഥരുടെ ഇടപെടലുകളും പൊതുവെ ജോലിയുടെ സമ്മർദ്ദം കൂട്ടുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചട്ടപ്പടി ചടഞ്ഞിരുന്ന് ചെയ്യാൻ പറ്റുന്ന ജോലിയല്ല പൊലീസിന്റേത്. എപ്പോഴും തിളച്ച് നില്‌ക്കുന്ന ഒരു പ്രവർത്തനം ആവശ്യമാണ്. ഇതിനിടയിൽ ചിലർ തൂവിപ്പോകുമ്പോഴാണ് മേൽക്കോടതികളുടെ വരെ കുറ്റപ്പെടുത്തലുകൾക്ക് സേന ഇരയാകേണ്ടിവരുന്നത്. കുറ്റപ്പെടുത്തുന്നവരെയും കുറ്റപ്പെടുത്താനാവില്ല. യൂണിഫോമിന് ഒട്ടും നിരക്കാത്ത ചില നടപടികൾ ചില പുഴുക്കുത്തുകളുടെ കൈയിൽനിന്ന് ഉണ്ടാകാറുണ്ട്. ഇതൊക്കെ പരിഹരിക്കാൻ ആദ്യം വേണ്ടത് അവരുടെ ഡ്യൂട്ടി സമയത്തിന് ക്ളിപ്‌തത ഏർപ്പെടുത്തുക എന്നതാണ്. അതുസംബന്ധിച്ച് പല പ്രഖ്യാപനങ്ങളും കാലാകാലങ്ങളിൽ ഉണ്ടാകുമെങ്കിലും ഇതുവരെ വേണ്ടരീതിയിൽ നടപ്പായിട്ടില്ല. തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക - ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സേനാംഗങ്ങൾക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നല്‌കരുതെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഒരു സർക്കുലർ ഇറക്കിയതുകൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല ഇത്. പൊലീസുകാരുടെ എണ്ണം കൂട്ടാതെ പുന:ക്രമീകരണം കൊണ്ട് മാത്രം ഇത് പരിഹരിക്കാനാകില്ല. ഭൂരിപക്ഷം പൊലീസുകാരും ഇപ്പോൾത്തന്നെ 12 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങൾ എല്ലാം ഒത്തുചേരുന്ന പല പൊതു ആഘോഷ ദിനങ്ങളിലും അവർക്ക് ഡ്യൂട്ടിയുടെ ഭാഗമായി വിട്ടുനില്‌ക്കേണ്ടിവരും. ഇതൊക്കെ അവർക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കില്ല. അവർക്ക് ശാരീരികമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് തുടർച്ചയായ ഡ്യൂട്ടി ഭാരമാണ്. പൊലീസിന്റെ പ്രവർത്തന മികവ് മൊത്തത്തിൽ കുറയാൻ തന്നെ ഇത് ഇടയാക്കും. കേരളത്തിൽ 482 സ്റ്റേഷനുകളിലായി 21,428 പൊലീസുകാരാണ് ഉള്ളത്. സെക്യൂരിറ്റിയും വി.ഐ.പി ഡ്യൂട്ടിയുമൊക്കെ കഴിഞ്ഞാൽ പല പൊലീസ് സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്ത സ്ഥിതിയാണ് നിലനില്‌ക്കുന്നത്. പൊലീസുകാരുടെ ഒഴിവുകൾ കൃത്യമായി തിട്ടപ്പെടുത്തി പി.എസ്.സിക്ക് കൈമാറി പുതിയ റിക്രൂട്ട്‌മെന്റിലൂടെ പൊലീസുകാരുടെ അപര്യാപ്തത പരിഹരിക്കാനുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. പ്രത്യേകിച്ചും തൊഴിലിനായി ചെറുപ്പക്കാർ കാത്തിരിക്കുന്ന ഈ സമയത്ത് അതൊരു സാമൂഹ്യ നന്മയുള്ള നടപടിയായും മാറും. സമയമെടുത്താലും ഇത് നടപ്പാക്കിയാൽ മാത്രമേ പൊലീസുകാരുടെ ഡ്യൂട്ടി ഭാരത്തിൽ കുറവ് സംഭവിക്കൂ. ഈ പ്രശ്നം അഭിമുഖീകരിക്കാതെ സർക്കുലർ ഇറക്കിയതുകൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ല പൊലീസുകാരുടെ തുടർച്ചയായ ഡ്യൂട്ടി സമയ പ്രശ്നം.