photo1

പാലോട്: തെങ്കാശിപാതയിൽ വലിയ താന്നിമൂടിന് സമീപത്തെ പ്രധാന പാതയിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ള കൊടുംവളവിൽ ഏതു നിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിൽ നിൽക്കുന്ന കൂറ്റൻ പാറക്കല്ല് അപകടഭീതിയുണർത്തുന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഈ ഭാഗത്തുണ്ടായിരുന്ന രണ്ട് വലിയ പാറകളിൽ ഒന്ന് താഴേക്ക് പതിച്ചിരുന്നു. ഇനിയുള്ള പാറ മഴ തുടരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും അടർന്ന് വീഴാവുന്ന നിലയിലാണ്.

കൂടാതെ മണ്ണിടിഞ്ഞ സ്ഥലത്ത് നിൽക്കുന്ന മരങ്ങളും അപകടകരമായ നിലയിലാണ്. ഇനിയും മഴ തുടർന്നാൽ പാറകല്ല് ഇളകിയോ, മരംവീഴുകയോ ചെയ്താൽ ഇതു വഴിയുള്ള വാഹനങ്ങളോ, വഴിയാത്രക്കാരോ വൻ അപകടത്തിൽ പെടാനുള്ള സാദ്ധ്യത കൂടുതലാണ്. അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.