തിരുവനന്തപുരം: പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പ് മന്ത്രിയുടേയും ചീഫ് എൻജിനിയറുടേയും ഓഫീസുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംഘമായിരിക്കുമിത്. ഏതു സമയത്തും സംഘം പരിശോധന നടത്തും. അടുത്തവർഷം ആദ്യം നിലവിൽ വരും. റെസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗ് കൂടുതൽ ഫലപ്രദമാക്കാൻ പൊതുമരാമത്ത് വകുപ്പ് പബ്ലിക് ഓഫീസിൽ ആരംഭിച്ച കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റെസ്റ്റ് ഹൗസുകളിൽ മാനവവിഭവ ശേഷി വർദ്ധിപ്പിക്കും. റോഡ് റോളർ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 41 പേരെ റെസ്റ്റ് ഹൗസുകളിൽ നിയോഗിക്കും. വിമർശനങ്ങളിൽ ശരിയുണ്ടോ തെറ്റുണ്ടോയെന്ന് പരിശോധിക്കുന്ന സർക്കാരാണിത്. എന്നാൽ ചിലർ വിമർശിക്കാൻ ജനിച്ചവരാണ്. അവരോട് ഉത്തരം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.