
വികാസ് ബാൽ ചിത്രം ഗണപത് പുതുവർഷത്തിൽ
മലയാളത്തിന്റെ പ്രിയതാരം റഹ്മാൻ ബോളിവുഡിലേക്ക്. ദേശീയ പുരസ്കാര ജേതാവായ വികാസ് ബാൽ സംവിധാനം ചെയ്യുന്ന ഗണപത് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ് ഹിന്ദി പ്രവേശം. റഹ്മാൻ, ടൈഗർ ഷറഫ്, കൃതി സനോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് രണ്ടു ഭാഗങ്ങളുള്ള ഗണപത് വികാസ് ബാൽ ഒരുക്കുന്നത്.ക്യൂൻ, സൂപ്പർ 30, ചില്ലാർ പാർട്ടി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും ബ്ളാക്ക് ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ നിർമ്മാതാവുമാണ് വികാസ് ബാൽ. പൂജ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം മാർച്ചിൽ ലണ്ടനിലും ഇന്ത്യയിലുമായി ചിത്രീകരണം ആരംഭിക്കും. മണിരത്നത്തിന്റെ പൊന്നിയിൽ സെൽവൻ പൂർത്തിയാക്കിയ റഹ്മാനെ തേടി ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ വരുന്നുണ്ട്. നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്ത സമാറയാണ് പുതുവർഷത്തിലെ ആദ്യ മലയാളം റിലീസ്. റഹ്മാനെ നായകനാക്കി അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന എതിരേ ജനുവരിയിൽ ആരംഭിക്കും. ജയംരവി, അർജുൻ എന്നിവർക്കൊപ്പം ജനഗണമന വിശാലിന്റെ ആദ്യ സംവിധാന സംരംഭമായ തുപ്പറിവാളൻ 2, കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് തമിഴ് പ്രോജക്ടുകൾ.