doctors-strike

തിരുവനന്തപുരം: ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിൽപ്പ്സമരം ആരംഭിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.എസ്. വിജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ ട്രെയിനിംഗുകൾ, മീറ്റിംഗുകൾ, വി.ഐ.പി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽനിന്ന് വിട്ടുനിന്നുകൊണ്ടായിരിക്കും പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.

നവംബർ ഒന്നുമുതൽ ഡോക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്നിരുന്ന നിൽപ്പ്സമരം സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് ഒരുമാസത്തേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ, ഇതുവരെയും ഈ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം പുനരാരംഭിക്കാൻ കെ.ജി.എം.ഒ.എ തീരുമാനിച്ചത്. ശമ്പള പരിഷ്‌കരണത്തിൽ വന്ന അപാകത പരിഹരിക്കണമെന്നതാണ് ഡോക്ടർമാരുടെ ആവശ്യം. കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലെന്നും ശമ്പളപരിഷ്‌കരണം നടപ്പാക്കിയപ്പോൾ വർദ്ധനയ്ക്ക് പകരം ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചെന്നുമാണ് ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 4 മുതൽ ഡോക്ടർമാർ നിസ്സഹകരണ സമരവും ആരംഭിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി ഡോ. ടി.എൻ. സുരേഷ്, ട്രഷറർ ഡോ. ജമാൽ അഹമ്മദ്, മാനേജിംഗ് എഡിറ്റർ ഡോ. അനൂപ്, ഡോ. ശ്യാംസുന്ദർ, ഡോ.ബെൻസ തുടങ്ങിയവർ പങ്കെടുത്തു.