കാട്ടാക്കട: കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ കുളത്തുമ്മൽ വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് കരം അടയ്ക്കാനോ മറ്റ് സർട്ടിഫിക്കറ്റുകൾ വാങ്ങാനോ ദിവസങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്. സമീപത്തെ അക്ഷയ സെന്ററുകളിൽ അഞ്ച് രൂപയുടെ നികുതിയടയ്ക്കാൻ ആളുകൾ 35 രൂപ മുടക്കണം. ഇതിനായും അക്ഷയകേന്ദ്രത്തിൽ രണ്ട് ദിവസം പോകണം.
ജീവനക്കാരുടെ കുറവ് കാരണം വിവിധ ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റുക്കൾക്കുമായി വില്ലേജ് ഓഫീസിലെത്തുന്നവർ ബുദ്ധിമുട്ടിലാണ്. ദിവസവും 300ലേറെ പേരാണ് കുളത്തുമ്മൽ വില്ലേജ് ഓഫീസിൽ എത്തുന്നത്. ജീവനക്കാരില്ലാത്തത് കാരണം ആളുകൾക്ക് മടങ്ങിപോകേണ്ട സ്ഥിതിയാണ്. നിലവിലുള്ള വില്ലേജ് ഓഫീസർ അവധിയിൽ പോയതോടെയാണ് ഓഫീസ് പ്രവർത്തനം താറുമാറായത്. ഇക്കഴിഞ്ഞ ദിവസം രാവിലെ മുതൽ ഉച്ച വരെ കാത്ത് നിന്നിട്ടും വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ നിരാശരായി മടങ്ങി.
നിലവിൽ വില്ലേജ് ഓഫീസിൽ 3 ജീവനക്കാർ മാത്രമാണ് ഉള്ളത്.
നികുതി അടയ്ക്കുന്നതിന് പുറമെ വിവിധ സർട്ടിഫിക്കറ്റുകൾക്കും, പോക്കുവരവ് ചെയ്യുന്നതിനുമായി എത്തുന്നവരും നിരവധിയാണ്. കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ വില്ലേജാഫീസിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും നികുതി അടക്കുന്നതിനായി എത്തുന്നവരെ മടക്കാതെ നികുതി സ്വീകരിക്കുന്നതിനും വേണ്ടി ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
നിലവിലുള്ളത് - 3 ജീവനക്കാർ മാത്രം
പ്രതിഷേധം ശക്തം
പലപ്പോഴും ദൈനന്യം ദിന ജോലിക്ക് ഓഫീസിൽ ആളില്ലാത്ത സ്ഥിതിയാണ്. രാവിലെ മുതൽ വൈകിട്ട് വരെ താലൂക്ക് ആസ്ഥാനത്തെ വില്ലേജ് ഓഫീസിൽ തിരക്കാണ്. ഇവിടെ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് നികുതി സ്വീകരിക്കുന്നതിന് പോലും സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധവുമുണ്ട്.