
നെയ്യാറ്റിൻകര: നഗരസഭ പ്രദേശത്ത് പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗ് ആരംഭിച്ചു. നെയ്യാറ്റിൻകര പട്ടണത്തിൽ റോഡുകളിലും പൊതുനിരത്തുകളിലും മാലിന്യം കുന്നുകൂടുന്നത് സംബന്ധിച്ച് പരാതി വ്യാപകമായതോടെയാണ് പട്രോളിംഗ് തുടങ്ങിയത്. കഴിഞ്ഞ ദിവസം പെരുമ്പഴുതൂരിന് സമീപം അരുവിപ്പുറം റോഡിനടുത്തായി കോഴി മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് നിഷേപിച്ചിരുന്നു. മാലിന്യങ്ങൾ കിറ്റുകളിലാക്കി രാത്രിയിൽ പാതയോരങ്ങളിലേക്ക് വലിച്ചെറിഞ്ഞ ചിലരെ പട്രോളിംഗിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ളവയുടെ ശേഖരണത്തിനായി ഹരിതകർമ്മസേനയുടെ സേവനം നഗരസഭയിൽ നിലവിലുണ്ട്.
പാതയോരങ്ങളിലും ജലാശയങ്ങളിലും മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു.