പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷൻ എൽ.ഡി.എഫ് നിലനിറുത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി മലയിക്കോണം സുനിൽ 1630 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഡിവിഷൻ അംഗവും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന എം. ശ്രീകണ്ഠൻ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 3419 വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി സാജൻ ലാൽ 1789 വോട്ടുകൾ നേടി രണ്ടാമതെത്തി. 1768 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാർത്ഥി രാജീവിന് ലഭിച്ചത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് മൂന്നും അംഗങ്ങളാണുള്ളത്. പോത്തൻകോട് ഡിവിഷൻ രൂപീകരിച്ചതു മുതൽ ഇവിടെ എൽ.ഡി.എഫാണ് വിജയിക്കുന്നത്.