pic1

നാഗർകോവിൽ: തിരുവനന്തപുരം - നാഗർകോവിൽ ദേശീയപാത കുണ്ടും കുഴിയുമായ സാഹചര്യത്തിൽ റോഡ് ഉടൻ തന്നെ പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തുടർന്ന് ഉപരോധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 10 ഓടെ കന്യാകുമാരി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാർത്താണ്ഡം സി.എസ്.ഐ ചർച്ചിന് മുന്നിലെ ഫ്ലൈഓവറിന്റെ അടിയിലായിരുന്നു റോഡ് ഉപരോധം നടത്തിയത്. ഹൈവേ ഡിപ്പാർട്ട്മെന്റിലെ അധികൃതർ സംഭവ സ്ഥലത്തെത്തി വരുന്ന വെള്ളിയാഴ്ച പണികൾ ആരംഭിക്കും എന്ന് സമരക്കാർക്ക് വാഗ്ദാനം നൽകി. തുടർന്ന് തക്കല ഡി.എസ്.പി ഗണേശന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. റോഡ് ഉപരോധം കാരണം തിരുവനന്തപുരം - നാഗർകോവിൽ ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസപ്പെട്ടു.

ക്യാപ്ഷൻ: മാർത്താണ്ഡത്ത് നടന്ന റോഡ് ഉപരോധത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്ന പൊലീസ്