copter

കൊടുങ്കാറ്രിലും കലിപൂണ്ട കടലിനുമുകളിലും നിലയുറപ്പിച്ച് ജീവനുകൾ കോരിയെടുത്തു

തിരുവനന്തപുരം: പേമാരിയും ചുഴലിക്കാറ്റും പെരുവെള്ളപ്പാച്ചിലും കേരളത്തിൽ ദുരന്തം വിതച്ചപ്പോഴെല്ലാം രക്ഷകനായെത്തിയത് എം.ഐ-17വി-5 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ്. നൂറുകണക്കിന് ജീവനുകളാണ് കോപ്റ്റർ കോരിയെടുത്തത്. ഓഖി വീശിയടിച്ച് കലങ്ങിമറിഞ്ഞ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ 'ഓപ്പറേഷൻ സിനർജി' എന്ന സേനാദൗത്യത്തിന്റെ ഭാഗമായി 2017 ഡിസംബർ ഒന്നിന് എം.ഐ-17വി-5 കോപ്റ്റർ കോയമ്പത്തൂരിലെ സുളൂർ വ്യോമത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തെത്തി. വീശിയടിക്കുന്ന കാറ്റിലും ഇളകിമറിയുന്ന കടലിനുമുകളിൽ നിലയുറപ്പിച്ച് മത്സ്യത്തൊഴിലാളികളെ എയർലിഫ്‌റ്റ് ചെയ്യാൻ കോപ്ടറിന് ശേഷിയുണ്ടായിരുന്നു.

തകർന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളിലും കന്നാസുകളിലും പിടിച്ച് മനോധൈര്യം കൈവിടാതെ, കരകാണാക്കടലിൽ രക്ഷാപ്രവർത്തകരെ കാത്ത് ദിവസങ്ങളോളം ഒഴുകിനടന്നവരെ എം.ഐ-17വി-5 ഹെലികോപ്റ്ററിൽ കോരിയെടുത്ത് കരയ്ക്കെത്തിച്ചു. തിരുവനന്തപുരത്തിന് 25മൈൽ പടിഞ്ഞാറ് കീഴ്മേൽ മറിഞ്ഞുകിടന്ന ബോട്ടിനെയും പരിസരത്തുണ്ടായിരുന്ന 18മത്സ്യത്തൊഴിലാളികളെയും നാവികസേനയുടെ പി-8ഐ (പൊസീജിയൻ-8 ഇന്ത്യ) വിമാനം കണ്ടെത്തി. സ്ഥലത്തേക്ക് പറന്നെത്തിയ എം.ഐ-17വി-5കോപ്ടർ എല്ലാവരെയും രക്ഷിച്ചു. താഴ്‌ന്നുപറക്കാവുന്ന ഹെലികോപ്‌റ്റർ കടലിലൂടെ തലങ്ങുംവിലങ്ങും പറന്നു. മറിഞ്ഞ ബോട്ടുകളിൽ അള്ളിപ്പിടിച്ചു കിടന്ന തൊഴിലാളികളെ പൊക്കിയെടുത്ത് വിഴിഞ്ഞം ബേസിലെത്തിച്ചു. കോപ്റ്ററിലെ മുങ്ങൽവിദഗ്ദ്ധർ കടലിലേക്ക് ചാടി തൊഴിലാളികളെ രക്ഷിച്ചു.

തിരുവനന്തപുരത്തിന് 20നോട്ടിക്കൽ മൈൽ അകലെ ചങ്ങാടത്തിൽ ഒഴുകിപ്പോയ എട്ട് പേരെയും കണ്ടെത്തി. രക്ഷാദൗത്യത്തിന് സേനാകപ്പലുകൾക്ക് വിവരം കൈമാറാനും കോപ്റ്ററിന് കഴിഞ്ഞിരുന്നു. 130കിലോമീറ്റർ വേഗതയിൽ ചുഴറ്റിയടിച്ച കാറ്റിൽ അകപ്പെട്ട 250 മത്സ്യത്തൊഴിലാളികളെ കേരളത്തിലും 1047പേരെ ലക്ഷദ്വീപിലും സേനകൾ രക്ഷിച്ചു. ശക്തമായ കാറ്റിനൊപ്പം കടലിൽ മൂന്നുമുതൽ അഞ്ചുവരെ മീ​റ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നു. വടക്കോട്ട് ശക്തമായ കാറ്റായിരുന്നു. സേനാകപ്പലുകൾക്ക് സഞ്ചരിക്കേണ്ടിയിരുന്നത് തെക്കൻ തീരത്തേക്കും. ഈ സാഹചര്യത്തിലാണ് പ്രക്ഷുബ്ധമായ കടലിൽ നിന്ന് ജീവനുകൾ കോരിയെടുക്കാൻ എം.ഐ-17വി-5 കോപ്റ്റർ വ്യോമസേനയെത്തിച്ചത്. നിരീക്ഷണപരിധി കുറഞ്ഞപ്പോൾ താഴ്ന്നുപറക്കാനും ആളനക്കം കണ്ടെത്തി മത്സ്യത്തൊഴിലാളികളെ എയ‌‌ർലിഫ്‌റ്റ് ചെയ്യാനും കോപ്റ്ററിന് കഴിഞ്ഞു. ആദ്യ മൂന്നുദിവസം വ്യോമസേന മുന്നൂറിലധികം പറക്കലുകളാണ് നടത്തിയത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഓഖിയുടെ തീവ്രതയറിയാൻ വ്യോമനിരീക്ഷണത്തിന് പറന്നതും എം.ഐ-17വി-5 ഹെലികോപ്റ്ററിലാണ്.

2018ലെ മഹാപ്രളയകാലത്തും 2019 ആഗസ്റ്റിലെ പ്രളയത്തിലും രക്ഷയ്ക്ക് എം.ഐ-17വി-5 ഹെലികോപ്റ്ററുകളെത്തി. പ്രളയത്തിന്റെ കുത്തൊഴുക്കിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ പുറത്തുകടക്കാൻ മാർഗ്ഗമില്ലാതെ ടെറസുകളിൽ അഭയം തേടിയവരെയും കഴുത്തറ്റം വെള്ളത്തിൽ മുങ്ങിനിന്നവരെയുമെല്ലാം കോപ്റ്ററിൽ എയർലിഫ്‌റ്രിംഗിലൂടെ രക്ഷിച്ചു. കുടുങ്ങിപ്പോയവരെ എയർലിഫ്‌റ്റിംഗ് നടത്താൻ റെസ്ക്യൂബാസ്ക‌റ്റുകൾ ഘടിപ്പിച്ച നാല് എം.ഐ-17വി5 ഹെലികോപ്റ്ററുകളാണ് വ്യോമസേന അയച്ചത്. ഏത് കുത്തൊഴുക്കിൽ നിന്നും ആളുകളെ രക്ഷിക്കാൻ പരിശീലനംനേടിയ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളെ കോപ്റ്ററിൽ വിന്യസിച്ചു. പ്രതികൂല കാലാവസ്ഥയിലും താഴ്ന്നുപറന്ന് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ എയർലിഫ്‌റ്റിംഗ് നടത്താൻ കോപ്റ്ററിന് കഴിഞ്ഞു.