
നെയ്യാറ്റിൻകര: ശ്രീനാരായണ ധർമ്മം വൈദികതയിലൂടെ പ്രചരിപ്പിക്കുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക പ്രചാരസഭയുടെ 6-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനവും സ്മരണിക പ്രകാശനവും അരുവിപ്പുറത്ത് ഡോ. പല്പു മെമ്മോറിയൽ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈദിക രംഗത്ത് പ്രവർത്തിക്കുന്നവരെ ജാതിയുടെ പേരിൽ മാറ്റി നിറുത്തുന്നത് അപലപനീയമാണ്. ഇതിന് മാറ്റമുണ്ടാക്കാൻ ശ്രീനാരായണ സംസ്കാരത്തിൽ അധിഷ്ഠിതമായ വൈദിക പ്രചാരണം നടത്തുന്ന ശ്രീനാരായണ വൈദികസംഘത്തിന്റെ പ്രവർത്തനങ്ങൾ സഹായിക്കുമെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ബോധിതീർത്ഥ, കെ.എസ്. മനോജ്, ഡോ. ഷിബു നാരായണൻ ജ്യോത്സ്യൻ, വൈദിക സംഘം പ്രസിഡന്റ് മനോജ് തന്ത്രി, സെക്രട്ടറി അശോകൻ ശാന്തി, വർക്കല സുനിൽ ശാന്തി,സി.എൻ.ജയപ്രകാശ്, കടകംപള്ളി സനൽകുമാർ, പുന്നാവൂർ അശോകൻ, കുളനട ജയപ്രകാശ്, എം.എസ്.അജയകുമാർ, മുള്ളറവിള വി.ജെ.അരുൺ, ശോഭ, ശിവശൈലം ശൈലജ എന്നിവർ പങ്കെടുത്തു.
രാവിലെ ഗുരുപൂജയ്ക്ക് ശേഷം ആചാരാനുഷ്ഠാനങ്ങളുടെ ആവശ്യകതയെപ്പറ്റി അരുവിപ്പുറം അശോകൻ ശാന്തി പഠന ക്ലാസ്സ് നയിച്ചു.ചടങ്ങിൽ കെ. ജയധരന് ഗുരുരത്ന , അമരവിള യമുനപ്രസാദിന് ഗുരുശ്രേഷ്ഠ ,കെ. എസ്.മനോജിന് ഗുരു സേവാ , സുഗത അശോകന് ഗുരു ധർമ്മ , ബ്രഹ്മചാരി അമ്പിളിക്ക് ഗുരുസന്ദേശ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ നഴ്‌സുമാരായ കൃഷ്ണേന്ദു, ശാരു വി.എസ്., പ്രഭാത് എന്നിവർക്ക് വിശിഷ്ട സേവന പുരസ്കാരം നൽകി.