ആര്യനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ഡിവിഷൻ മെമ്പർക്കും വികസന സമിതി അംഗത്തിനുമെതിരെ ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. രാധിക ആര്യനാട് പൊലീസിൽ പരാതി നൽകി. ജോലി തടസപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ടി.ടി ഇൻജക്ഷൻ എടുക്കാനെത്തിയ പെൺകുട്ടികൾക്ക് കൊവിഡ് വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് പിന്നാലെ ആശുപത്രിയിൽ ഇൻസുലിൻ മരുന്നുകൾ സൂക്ഷിക്കുന്ന ഫ്രിഡ്ജ് ഓഫാണെന്നും ഇതിൽ നിന്ന് മരുന്നെടുത്താണ് രോഗികൾക്ക് കുത്തിവയ്പ്പെടുത്തതെന്നും പരാതി ഉയർന്നിരുന്നു.
മറ്റ് വാക്സിനുകൾ സൂക്ഷിച്ചിരിക്കുന്ന ഫ്രിഡ്ജും കേടായെന്ന വിവരം ലഭിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, അംഗങ്ങളായ കെ. ഹരിസുധൻ, സുനിൽകുമാർ, എ.എം. ഷാജി, ആശുപത്രി വികസന സമിതിയംഗവും സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഈഞ്ചപ്പുരി സന്തു എന്നിവർ സ്ഥലത്തെത്തി. ഇവർ മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ ചോദിച്ചറിയുകയും വിവരം ഡി.എം.ഒയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മെഡിക്കൽ ഓഫീസറും ബ്ലോക്ക് ഭാരവാഹികളും വികസന സമിതിയംഗവുമായി രൂക്ഷമായ വാക്കേറ്റമുണ്ടായത്.
തുടർന്ന് ഡി.എം.ഒ തന്നെ ആശുപത്രിയിൽ നേരിട്ടെത്തി ബ്ലോക്ക് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ മെഡിക്കൽ ഓഫീസർ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മെഡിക്കൽ ഓഫീസറുടെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ആര്യനാട് ഇൻസ്പെക്ടർ എൻ.ആർ. ജോസ് അറിയിച്ചു.