
മലയിൻകീഴ്: കരിങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി മതിൽ തകർത്ത് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ മങ്കാട്ടുകടവ് പഞ്ചായത്ത് കിണറിന് സമീപമായിരുന്നു സംഭവം. പെരുകാവ് ഭാഗത്തുനിന്ന് ലോഡുമായി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. ഇടറോഡിലേക്ക് തിരിയുന്നതിനിടെ മഴയിൽ കുതിർന്നിരുന്ന കരിങ്കൽ മതിൽ ഇടിഞ്ഞ് ടിപ്പർ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർ മാത്രമാണ് ടിപ്പറിൽ ഉണ്ടായിരുന്നത്. കാബിനിൽ നിന്ന് ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. ജെ.സി.ബി ഉപയോഗിച്ച് ടിപ്പർ അപകടസ്ഥലത്ത് നിന്ന് മാറ്റി. വീട്ടിലേക്ക് ഇടിഞ്ഞുവീണ കരിങ്കല്ലുകളും നീക്കം ചെയ്തു.