കുളത്തൂർ: റേഷൻ കടകളിൽ വിതരണം ചെയ്യാൻ എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് എഫ്.സി.ഐയിൽ നിന്നെത്തിച്ച ഗോതമ്പ് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യേഗസ്ഥർ മടക്കി അയച്ചു. ഇന്നലെ രാവിലെ കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച ഗോതമ്പാണ് പകുതിയിലധികവും കുതിർന്ന് ചീഞ്ഞളിഞ്ഞ അവസ്ഥയിലായിരുന്നത്. തുടർന്നാണ് നാല് ലോഡ് ഗോതമ്പ് ഇറക്കാതെ തിരിച്ചയച്ചത്. ആദ്യം ഇറക്കിയ രണ്ടു ലോഡ് ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. വെള്ളം കയറി നശിച്ച ഗോതമ്പ് അഴുകി ദുർഗന്ധം വമിക്കുന്ന തരത്തിലായിരുന്നു. എന്നാൽ ഗോഡൗണിൽ നിന്ന് പുറത്തിറക്കിയ സാധനം തിരികെ എടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു എഫ്.സി.ഐ അധികൃതർ. ഇവർ നിലപാടിൽ ഉറച്ചുനിന്നതോടെ പ്രശ്നം കൂടുതൽ വഷളായി. സംഭവമറിഞ്ഞ് ജില്ലാ സപ്ലൈ ഓഫീസർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.