kaumudi-night

തിരുവനന്തപുരം: കേരളകൗമുദിയുടെ 110-ാം വാർഷികത്തോട് അനുബന്ധിച്ച് നെടുമുടി വേണുവിന് ആദരം അർപ്പിച്ച് നടന്ന കേരളകൗമുദി നൈറ്റ് 2021 - നെടുമുടി സ്‌മൃതി തലസ്ഥാനനഗരത്തിന് സമ്മാനിച്ചത് പാട്ടിന്റെയും നൃത്തത്തിന്റെയും ആഘോഷരാവ്. സിനിമയുടെ കൊടുമുടി കയറിയ നെടുമുടി വേണുവിന് അക്ഷരാർത്ഥത്തിലുള്ള ഗാനാർച്ചനയായിരുന്നു കവടിയാർ ഉദയ് പാലസിൽ നടന്ന സംഗീതവിരുന്ന്. പരിപാടിയുടെ ഏറ്റവും വലിയ ആകർഷണമായിരുന്നു ഗായകൻ വിജയ് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഗീതനിശ. ഇവർക്കൊപ്പം യുവഗായകരും കലാ, നൃത്തരംഗത്തെ പ്രതിഭകളും കൂടിചേർന്നപ്പോൾ അനന്തപുരിക്ക് ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവമായി അത് മാറി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മന്ത്രിമാർക്കൊപ്പം വിശിഷ്ടാതിഥികളും സന്നിഹിതരായി. ഉദ്ഘാടന ചടങ്ങിന് ശേഷം സംഗീത സംവിധായകൻ കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സോപാനം ടീം നെടുമുടി വേണുവിന് ആദാരാഞ്ജലി അർപ്പിച്ച് നാടൻപാട്ടുകൾ അവതരിപ്പിച്ചു. തുടർന്നായിരുന്നു വിജയ് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഗീതനിശ. 'തേനും വയമ്പും" എന്ന ഗാനം മുതൽ 'മൗനസരോവരം ആകെയുണർന്നു" എന്ന ഗാനം വരെ കോർത്തിണക്കി വിജയ് യേശുദാസ് നെടുമുടിക്ക് ഗാനാഞ്ജലിയൊരുക്കി. പിന്നാലെ 'മിഴിയോരം നനഞ്ഞൊഴുകും" എന്ന പ്രണയാതുര ഗാനവുമായി യുവഗായിക അനാമിക വേദിയെ കൈയ്യിലെടുത്തു. പിന്നാലെ സദസിനെ പ്രകമ്പനം കൊള്ളിക്കുന്ന ചടുല നൃത്തച്ചുവടുകളുമായി നടിയും അവതാരകയുമായ ആര്യയും സംഘവുമെത്തി. ഏതാണ്ട് പത്ത് മിനിട്ടോളം കാഴ്‌ചക്കാരെ പിടിച്ചിരുത്തുന്ന നൃത്തച്ചുവടകളുമായി സംഘം കത്തിക്കയറി. ഇന്ത്യയിലെ പ്രശസ്തരായ ഗായകരുടെ ശബ്ദം അനുകരിച്ച് പാടി വിസ്‌മയം സൃഷ്ടിച്ച അരുൺ ഗിന്നസിന്റെ പ്രകടനവും ഏവരെയും ആവേശത്തിലാക്കി. ഫാസ്‌റ്റ് നമ്പരുകളുമായി യുവഗായകരായ സഞ്ജുവും ഷിയയും മമ്മൂട്ടി, മോഹൻലാൽ ഫാൻസിനെയും കൈയ്യിലെടുത്തു. ഇവർക്കൊപ്പം 'വസീഗര എൻ നെഞ്ചിനിലെ" അടക്കമുള്ള ഗാനങ്ങളുമായി യുവഗായിക സൗമ്യയും ഏവരുടെയും മനം കീഴടക്കി.