1

വിഴിഞ്ഞം: വെള്ളായണി കായൽതീരത്തു നിന്ന് അപൂർവ ഇനം സൂചിവാലൻ വണ്ടിനെ കണ്ടെത്തി. വെങ്ങാനൂർ മുട്ടയ്ക്കാട് സ്വദേശി സന്തോഷ് കുമാറാണ് കായലിന്റെ കടവിൻമൂല ഭാഗത്തെ ചെടികളികളിൽ നിന്ന് വണ്ടിനെ കാമറയിൽ പകർത്തിയത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ആനമലയിലാണ് സൂചിവാലൻ വണ്ടിനെ അവസാനമായി കണ്ടെത്തിയത്. ജപ്പാനിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് അന്ന് ഇതിന്റെ ചിത്രം പകർത്തിയത്. വെള്ളിനിറമുള്ള സൂചിവാലന് തിളങ്ങുന്ന ഇരുണ്ട പുള്ളികളുള്ള ചിറകുകളും ചിറകിനു പിന്നിലേക്ക് സൂചിപോലെ നീളുന്ന വയർഭാഗവുമുണ്ട്.

തുംബ്ലിംഗ് ഫ്ലവർ ബീറ്റിൽ എന്നറിയുന്ന ഇവയ്ക്ക് 3 മുതൽ 7 മില്ലീ മീറ്റർ വരെയാണ് വലിപ്പം. സാധാരണയായി അടിക്കാടുകളിൽ പൂക്കളുള്ള സ്ഥലത്താണ് ഇവ കാണപ്പെടുന്നത്. ചെറുപൂവുകളിലെ പൂമ്പൊടി, പന്നൽ ചെടിയുടെ വിത്തുകളിലെ പൊടി എന്നിവയാണ് പ്രധാന ആഹാരം. മരങ്ങളുടെ ഉണങ്ങിയ തൊലി, അഴുകിത്തുടങ്ങുന്ന മരക്കൊമ്പുകൾ എന്നിവയിൽ ഇവയുടെ ലാർവകളെ കാണാം. ഗ്ലിപ്പ് വിഭാഗത്തിലെ ഉപവിഭാഗമായ ഇവയുടെ ഇരുപതോളം സ്പീഷിസുകളെക്കുറിച്ച് ഇന്ത്യ കൂടാതെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് വിദഗദ്ധർ പറയുന്നത്.