തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന വെട്ടുകാട് വാർഡിൽ വീണ്ടും വിജയക്കൊടി പാറിച്ച് എൽ.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ക്ളൈനസ് റൊസാരിയോ 1490 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുൻ കൗൺസിലറായിരുന്ന എൽ.ഡി.എഫിലെ സാബു ജോസ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞടുപ്പ് നടന്നത്. 5837 വോട്ട് പോൾ ചെയ്തതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി 3306 വോട്ട് നേടിയപ്പോൾ യു.ഡി.എഫിന്റെ ബെർഫി ഫെർണാണ്ടസ് 1816 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി എം. പോൾ 662 വോട്ടുകളും നേടി. ബാക്കി 53 വോട്ടുകൾ സ്വതന്ത്ര സ്ഥാനാർത്ഥികളും വീതംവച്ചു. യു.ഡി.എഫിന്റെ കുത്തക വാർഡായിരുന്ന വെട്ടുകാട് വാർഡ് 998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ സാബു ജോസിലൂടെ എൽ.എഡി.എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ.

ക്ളൈനസിന്റെ വിജയം പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിയുമായി വാർഡിൽ ആഹ്ളാദ പ്രകടനം നടത്തി. പ്രകടത്തിനും സ്ഥാനാർത്ഥിയെ അഭിനന്ദിക്കാനുമായി മേയർ ആര്യാ രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, എൽ.ഡി.എഫ് കൗൺസിലർമാർ എന്നിവരും എത്തി. വാർഡിൽ 9500 വോട്ടുകളുണ്ടെങ്കിലും 57.57 ശതമാനം പോളിംഗ് മാത്രമാണ് ഇത്തവണ നടന്നത്.തിരിച്ചടി ലഭിച്ചതിന്റെ കാരണങ്ങൾ വിലയിരത്താനുള്ള നടപടികൾ ഇരുമുന്നണികളും ആരംഭിച്ചെന്നാണ് സൂചന.