
കഴക്കൂട്ടം: കഠിനംകുളം പുത്തൻതോപ്പിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ നാലുപേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം, ചിറ്റാറ്റുമുക്ക് കരിഞ്ഞവയൽ സനിൽ ഭവനിൽ സച്ചു എന്ന അക്കൂട്ടൻ (30), ചിറ്റാറ്റുമുക്ക് ആറ്റരികത്തുവീട്ടിൽ കാള രാജേഷ് എന്ന രാജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്. കഠിനംകുളം, കഴക്കൂട്ടം, മംഗലപുരം ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കൊലക്കേസ് ഉൾപ്പെടെ പതിനേഴോളം കേസുകളിൽ പ്രതികളാണിവർ.
ചൊവാഴ്ചയാണ് പുത്തൻതോപ്പിൽ എച്ച്.എൻ ചിക്കൻ സ്റ്റാൾ ജീവനക്കാരനും അസാം സ്വദേശിയുമായ അമീർ, സ്ഥാപന ഉടമ ഹസൻ, പുത്തൻതോപ്പ് സർക്കാർ ആശുപത്രിക്ക് സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന ചിറ്റു നെൽസൺ, ബൈക്ക് യാത്രികനായ വൈശാഖ് എന്നിവരെ പ്രതികൾ ആക്രമിച്ചത്.
ഇവർ ഇപ്പോഴും ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ പൊലീസ് വക്കം നിലയ്ക്കാമുക്കിൽ നിന്നാണ് ബലപ്രയോഗത്തിലൂടെ പിടികൂടിയത്. പാറശാലയിൽ മുൻ പഞ്ചായത്തംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലായിരുന്ന ഇവർ അഞ്ച് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കഠിനംകുളം എസ്.എച്ച്.ഒ അൻസാരി, എസ്.ഐ വി. സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.