
നെയ്യാറ്റിൻകര: നിരന്തരമുള്ള പൈപ്പ് പൊട്ടലിൽ നെയ്യാറ്റിൻകര - പൂവാർ റോഡ് തകർന്നു. കാൽനട, വാഹന യാത്ര ദുഃസഹം. നെയ്യാറ്റിൻകര അമ്മൻ നഗറിലും കരിനടയിൽ കാളിപ്പാറ പദ്ധതിയിലെ പ്രധാന പൈപ്പ് ലൈനിലുമുണ്ടായ ചോർച്ചയിലാണ് റോഡ് തകർന്നത്. ഒരു വർഷം മുൻപ് ബി.എം.ബി.സി സാങ്കേതികവിദ്യ ഉപയോഗിച്ച് യാഥാർത്ഥ്യമാക്കിയ റോഡാണ് തകർന്ന് തരിപ്പണമായി മാറിയത്. വെള്ളം കെട്ടി നിന്ന് റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിൻകര മുതൽ കരിനട വരെയുള്ള റോഡിന്റെ ഭൂരിഭാഗത്തും റോഡിൽ കുഴി രൂപപ്പെട്ട് വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഈ കുഴികളിലകപ്പെട്ടുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ഇരുചക്രവാഹനയാത്രക്കാരായ സ്ത്രീകളാണ് കൂടുതലും ഇതിലകപ്പെടുന്നത്. രണ്ട് ദിവസം മുൻപ് സ്കൂട്ടർ വെള്ളം നിറഞ്ഞ കുഴിയിൽ തെന്നി വീണ് 2 പെൺകുട്ടികൾക്ക് പരിക്ക് പറ്റിയിരുന്നു. പൈപ്പ് പൊട്ടി വെള്ളം പാഴായി ദിവസങ്ങൾ കഴിഞ്ഞാണ് ജല അതോറിട്ടി അധികൃതർ നന്നാക്കാനെത്തുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന നിരന്തരമുള്ള പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികൾ അധികൃതരോടാവശ്യപ്പെട്ടു.