
തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ തുഗ്ളക്ക് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പ്രിൻസിപ്പൽ മനോജ് വയലൂരിനെതിരെ പെൺകുട്ടികളുൾപ്പെടെയുള്ള നാനൂറോളം വിദ്യാർത്ഥികളാണ് ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയത്. ബുധനാഴ്‌ച രാത്രിയോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോളേജ് ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പുറത്തുനിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടച്ചിരുന്നു. ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലിന്റെ അനുമതിയില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ഇവരോട് കയർത്തു.
പ്രതിഷേധം ശക്തമായതോടെ സെക്യൂരിറ്റി പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. എന്നാൽ, സമയത്ത് ഹോസ്‌റ്റലിൽ കയറാൻ വയ്യാത്തവർ പുറത്ത് നിൽക്കട്ടെയെന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചത്. ഇതോടെ വിദ്യാർത്ഥികൾ ബഹളംവച്ചു. വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്നത് കണ്ട് രാത്രി പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. ഇവർ ഇടപെട്ടാണ് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ തിരികെ പ്രവേശിപ്പിച്ചത്. അതേസമയം, പ്രതിഷേധിച്ചവരുടെ പേര് വിവരങ്ങൾ രഹസ്യമായി ശേഖരിച്ചുനൽകാൻ പ്രിൻസിപ്പൽ സെക്യൂരിറ്റി ജീവനക്കാരനോട് ആവശ്യപ്പെട്ടതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
 ഇതോ പുരോഗമനം
വൈകിട്ട് ആറിന് മുമ്പ് പെൺകുട്ടികൾ കോളേജിൽ നിന്ന് പോകണമെന്നും അല്ലെങ്കിൽ സുരക്ഷയെ ബാധിക്കുമെന്ന വിചിത്ര നിലപാടാണ് പ്രിൻസിപ്പലിന്റേതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികൾക്ക് മാത്രമാണ് കോളേജിൽ ഹോസ്‌റ്റൽ സൗകര്യമുള്ളത്. എന്നാൽ കൊവിഡ് വ്യാപനത്തിന് ശേഷം ക്ളാസുകൾ ആരംഭിച്ചപ്പോൾ പ്രാക്ടിക്കലിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്‌റ്റുഡിയോയിലും ലാബിലുമായി കൂടുതൽ സമയം ചെലവിടാറുണ്ട്. എല്ലാവർക്കും ഒരേസമയം സ്‌റ്റുഡിയോയും ലാബും ഉപയോഗിക്കാൻ പരിമിതിയുള്ളതിനാൽ വിദ്യാർത്ഥികൾ സ്വയം സമയക്രമം നിശ്ചയിച്ചാണ് പ്രാക്ടിക്കൽ ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി രാത്രിയും വിദ്യാർത്ഥികൾ കോളേജിൽ ചെലവിടാറുണ്ട്. കൊവിഡിന് മുമ്പും ഇങ്ങനെയായിരുന്നു. എന്നാൽ, ഇപ്പോൾ അത് സാദ്ധ്യമല്ലെന്നാണ് പ്രിൻസിപ്പലിന്റെ നിലപാട്. അതേസമയം, ഈ നിർദ്ദേശങ്ങളൊന്നുംതന്നെ സർക്കുലറായോ നേരിട്ടോ അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിട്ടില്ല. മുൻകാലങ്ങളിൽ പൂർവവിദ്യാർത്ഥികളെയും കലാമേഖലകളിൽ പ്രവർത്തിക്കുന്നവരെയും കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനും വിലക്കേർപ്പെടുത്തി. അതിനാൽത്തന്നെ എക്‌സിബിഷനും മറ്റും നടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശമോ സഹായമോ ലഭിക്കാത്ത സ്ഥിതിയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
 ടോയ്‌ലെറ്റ് തകർന്നു
കോളേജ് തുറന്നെങ്കിലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെയില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
പുതിയ ബ്ളോക്കിലെ ടോയ്‌ലെറ്റുകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് ആശ്രയം. ഓഫീസ് സമയം കഴിഞ്ഞാൽ ഇവ പൂട്ടും. മറ്റ് ബ്ളോക്കിലെ ടോയ്‌ലെറ്റുകൾ തകർന്ന് ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയാണ്. ഇത് നന്നാക്കണമെന്ന് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടപ്പോൾ ആൺകുട്ടികളുടെ ടോയ്ലെറ്റ് ഉപയോഗിക്കാനാണ് അധികൃതർ നിർദ്ദേശിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.