കടയ്ക്കാവൂർ: അഞ്ചുതെങ്ങിലെ ഐസ് ഫാക്ടറിയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അമോണിയം കലർന്ന മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. അഞ്ചുതെങ്ങ് മുസ്ലിംപള്ളിക്ക് സമീപത്തെ ഐസ് പ്ലാന്റിൽ നിന്നാണ് രാത്രികാലങ്ങളിൽ അമോണിയം കലർന്ന മലിനജലം കടയ്ക്കാവൂർ, അഞ്ചുതെങ്ങ് മാമ്പള്ളി പ്രധാന റോഡിലേക്ക് ഒഴുക്കിവിടുന്നത്. ഇവിടത്തെ പ്രധാന റോഡ് ടാർ ചെയ്തിട്ട് അധികകാലമായിട്ടില്ല. പ്രദേശവാസികളുടെ നേതൃത്വത്തിൽ പി.ഡബ്ളിയു.ഡി മന്ത്രിയുടെ ഓൺലൈൻ പരാതി പരിഹാര ആപ്ലിക്കേഷൻ വഴി പരാതി നൽകി. കൂടാതെ മലിനജലം ഒഴുക്കി പൊതുനിരത്ത് നശിപ്പിക്കുന്ന സ്ഥാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.