malayinkil

മലയിൻകീഴ്: പഞ്ചായത്തിലെ പൊതുവഴികൾ,​ ജനത്തിരക്കുള്ള സ്ഥലം,​ വ്യാപാര സ്ഥാപനങ്ങളുടെ പരിസരം തുടങ്ങി എല്ലായിടവും മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നതായി പരാതി. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ മാലിന്യക്കൂമ്പാരം തന്നെ രൂപപ്പെട്ടിട്ടുണ്ട്. അഴുകിക്കിടക്കുന്ന മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധം കാരണം ഇതുവഴി നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. പൊതുവഴികളിലെ പ്രധാനറോഡുകളിൽ മാലിന്യ നിക്ഷേപത്തിന് അറുതിവരുന്നതേയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചീനിവിള-പോങ്ങുംമൂട്, മലയിൻകീഴ്- കാട്ടാക്കട, മലയിൻകീഴ് -ഊരൂട്ടമ്പലം, മലയിൻകീഴ്- പാപ്പനംകോട്, അന്തിയൂർക്കോണം- മൂങ്ങോട് തുടങ്ങിയ റോഡുകളിൽ മാലിന്യപ്പൊതികൾ ഇടുന്നത് നാൾക്കുനാൾ വർദ്ധിക്കുന്നു. ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് വാഹനങ്ങളും, കാറുകളിലുമെത്തി മാലിന്യം വലിച്ചെറിയുകയാണ് പതിവ്. അറവ്ശാലയിലെ മാലിന്യങ്ങൾ ചാക്കുകളാക്കി കൊണ്ടിടുന്നതിനാൽ ദുർഗന്ധം കാരണം പരസരവാസികൾക്ക് വീടുകളിൽ പോലും കഴിയാനാകാത്ത സ്ഥിതിയിലാണ്. അന്തിയൂർക്കോണം-മൂങ്ങോട് റോഡ് മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിട്ടുണ്ട്. മാലിന്യങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്. കുഴയ്ക്കാട്- ബണ്ട് റോഡിന് സമീപമാണ് പ്രസിദ്ധമായ കുഴയ്ക്കാട് ഭഗവതി ക്ഷേത്രം. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി മഹോത്സവത്തിന് ആറാടാനെത്തുന്നത് കുഴയ്ക്കാട് തോട്ടിലാണ്. കുളിക്കുന്നതിനും തുണി അലക്കാനും കൃഷിക്കും കുഴയ്ക്കാട് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവരുണ്ട്. കടുത്ത വേനലിൽ പോലും നീരുറവ വറ്റാത്ത കുഴയ്ക്കാട് തോടാണ് ഇത്തരത്തിൽ മലിനമാകുന്നത്.

അറുതിയില്ലാതെ മാലിന്യനിക്ഷേപം

കുഴയ്ക്കാട്- അണപ്പാട്, മച്ചേൽ-കോവിൽവിള- കുന്നുംപുറം, ഇരട്ടക്കലുങ്ക്- പൊറ്റയിൽ തുടങ്ങിയ ബണ്ട് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ മൂക്കു പൊത്തിയാണ് ഇതുവഴി ആൾക്കാർ പോകുന്നത്. കരിപ്പൂര്-തച്ചോട്ടുകാവ് റോഡിൽ മാലിന്യ നിക്ഷേപത്തിനെതിരെ സി.സി.ടി.വി.കാമറ ഉൾപ്പടെ സ്ഥാപിയ്ക്കുകയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ മാസങ്ങളോളം കാവലിരുന്നിട്ടും പരിഹാരമായില്ല.

നടപടി വേണം

മാലിന്യം റോഡുകളിലിടുന്നവരെ കണ്ടെത്താൻ പലവട്ടം വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ശ്രമിച്ചെങ്കിലും മാലിന്യ നിക്ഷേപത്തിന് അറുതിയായില്ല. ഗ്രാമപഞ്ചായത്തുകളിലും പൊലീസിലും പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. മാലിന്യം നിക്ഷേപിക്കുന്നതിന് കൊവിഡ് വ്യാപന സമയത്ത് ശമനമുണ്ടായെങ്കിലും വീണ്ടും തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. മലയിൻകീഴ്- ഊരൂട്ടമ്പലം റോഡിൽ അപകടമുനമ്പായ കൊടും വളവിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്.പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.