neenthal-kulam

വക്കം: കല്ലമ്പലത്തെ നീന്തൽക്കുളം അനാഥമായിട്ട് രണ്ട് വർഷം. കരവാരം ഗ്രാമപഞ്ചായത്തിൽ ദേശീയ പാതയോരത്ത് ആഴാംകോണം ചിറയുടെ ഒരു വശത്താണീ നീന്തൽക്കുളം സ്ഥിതിചെയ്യുന്നത്. ലോക ബാങ്ക് സഹായമുൾപ്പെടെ ഒരു കോടിയോളം രൂപയാണിതിന് നിർമ്മാണച്ചെലവ്.

നീന്തൽ പരിശീലനത്തിന് മുതിർന്നവർക്ക് 1000 രൂപയും, വിദ്യാർത്ഥികൾക്ക് 750 രൂപയുമായിരുന്നു പ്രതിമാസ ഫീസ്. ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുന്നതിന് നീന്തൽ പ്രയോജനപ്പെടുമെന്ന വിലയിരുത്തലാണ് ഏറെപ്പേരെ പ്രഭാത - സായാഹ്ന നീന്തലിന് ഇവിടെ എത്തിച്ചത്.

അവധിക്കാലത്ത് നീന്തൽ പരിശീലനത്തിന് വൻ തിരക്കാണ്. നീന്തൽക്കുളത്തിലെ ജല ശുചീകരണത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിരുന്നു. വൈദ്യുതി തടസം ഉണ്ടാകാതിരിക്കാൻ സോളാർ പാനൽ അടക്കം സജ്ജീകരിച്ചു. ഒന്നാം ഘട്ടത്തിൽ 20.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതുകൊണ്ട് ചിറയ്ക്ക് സമീപത്തായി പമ്പ് ഹൗസും, ഗാർഡ് റൂമും നിർമ്മിച്ചു.

ഇതിൽ 10 ലക്ഷം രൂപ ലോക ബാങ്കിന്റെ സഹായമായിരുന്നു. കൊവിഡ് വ്യാപനം നീന്തൽ പരിശീലനം നിറുത്തിവയ്പിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലമായി നീന്തൽക്കുളം പരിപാലിക്കുന്നുണ്ട്. ജലശുചീകരണവും ക്ലോറിനേഷനും നടത്തുന്നുമുണ്ട്. നീണ്ട കാലമായി പ്രവർത്തിക്കാതിരിക്കുന്നതിനാൽ സോളാർ പാനലും ബാറ്ററികൾക്കും അടിയന്തര അറ്റകുറ്റപണികൾ വേണ്ടിവരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീന്തൽക്കുളം തുറക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.

നിർമ്മാണച്ചെലവ് - 2 കോടിയോളം

പരിശീലന ഫീസ് - പ്രതിമാസം

മുതിർന്നവർക്ക് - 1000 രൂപ

വിദ്യാർത്ഥികൾക്ക് - 750 രൂപ

ആർക്കും നീന്തൽ പഠിക്കാം

2011ൽ മന്ത്രി കോടിയരി ബാലകൃഷ്ണൻ തറക്കല്ലിടുകയും, 2015ൽ മന്ത്രി എം.കെ. മുനീർ ഉദ്ഘാടനം ചെയ്യുകയും ചെയ്തതോടെ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കി. 50 മീറ്റർ നീളവും 30 മീറ്റർ വീതിയിലും നിർമിച്ച നീന്തൽക്കുളത്തിൽ പ്രായ വ്യത്യാസമില്ലാതെ ഏത് പ്രായക്കാർക്കും നീന്തൽ പഠിക്കാൻ വേണ്ട സംവിധാനമൊരുക്കിരുന്നു. അതിനായി പ്രത്യേക പരിശീലകനെയും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിരുന്നു.

നിലവിലെ സ്ഥിതി

നീന്തൽക്കുളത്തിന്റെ പരിസരം കാട് കയറിയ നിലയിലാണ്. നടപ്പാതയടക്കം പലയിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്.