
തിരുവനന്തപുരം: പൂവാർ കാരക്കാട്ട് റിസോർട്ടിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രതികളുടെ ഫോൺവിളി കേന്ദ്രീകരിച്ച്. എക്സൈസ് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതികളായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ, കഴക്കൂട്ടം ചന്തവിള സ്വദേശി ആഷിർ എന്നിവരുടെ ആറുമാസത്തെ ഫോൺ രേഖകൾ ശേഖരിച്ചു. ഇവരുമായി നിരന്തരം ബന്ധപ്പെട്ടവരെല്ലാം സംശയനിഴലിലാകും. വാട്സ് ആപ് ചാറ്റുകൾ അടക്കം പരിശോധിച്ചാകും അന്വേഷണം പുരോഗമിക്കുക. പ്രധാന പ്രതികളായ അക്ഷയ് മോഹൻ,പീറ്റർ ഷാൻ എന്നിവരുമായി നിരന്തരം ചാറ്റ് ചെയ്‌തവരും എക്സൈസ് നിരീക്ഷണത്തിലാണ്.
ഇവർ ഉൾപ്പെട്ട വാട്സ് ആപ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ ലഹരി കൈമാറ്റങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് എക്സൈസ് പരിശോധിക്കുന്നത്. കൂടാതെ റിസോർട്ട് ഉടമയെയും നടത്തിപ്പുകാരെയും പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്‌തേക്കും. റിസോർട്ടിൽ ഇതിന് മുൻപ് ഡി.ജെ പാർട്ടിയെന്ന പേരിൽ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ടോ? അത് റിസോർട്ട് ഉടകളുടെയും നടത്തിപ്പുകാരുടെയും അറിവോടെ ആയിരുന്നോ? എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക.
പിടിമുറുക്കാൻ എക്സൈസ്
റിമാൻഡിലായ മൂന്ന് പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ ശേഷം റിസോർട്ടിലും പരിസര പ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. റിസോർട്ടിലെ പൊതുഇടത്താണ് ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്. ഇവിടെ സി.സി.ടി.വിയുണ്ടായിരുന്നു. അതേസമയം കോട്ടേജുകൾക്ക് സമീപം സി.സി.ടി.വി ഇല്ലെന്നാണ് സൂചന.
റിസോർട്ടിൽ മദ്യം വിളമ്പാനുള്ള അനുമതി ഇല്ലായിരുന്നുവെന്നും വ്യക്തമായി. 50000 രൂപ ഫീസടച്ചാൽ മാത്രമേ ഒരു ദിവസം റിസോർട്ടിൽ ബാറിലേതിന് സമാനമായി മദ്യം നൽകാനുള്ള അനുമതി ലഭിക്കൂ. എന്നാൽ ഇവിടെ പുറത്തുനിന്ന് മദ്യം എത്തിച്ച് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിട്ടയച്ച യുവതികളടക്കമുള്ള 14പേരെ വരുംദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യും.
പരിശോധന വ്യാപകമാക്കും
വരും ദിവസങ്ങളിൽ പൊലീസുമായി സഹകരിച്ച് വർക്കല, പൂവാർ, കോവളം, പൊന്മുടി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന നടത്തുമെന്ന് അസി. കമ്മിഷണർ വിനോദ് പറഞ്ഞു. ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.