piranna-attinkutty

വക്കം: കപ്പാംവിളയിൽ വിചിത്രരൂപവുമായി പിറന്ന ആട്ടിൻകുട്ടി ചത്തു. പിറന്ന് ഒരുദിവസം പിന്നിട്ടപ്പോഴാണ് ചത്തത്. മനുഷ്യന്റെ മുഖസാദൃശ്യത്തോടെ പിറന്ന ആട്ടിൻകുട്ടിയെ കാണാൻ ദൂരെ നിന്നുവരെ ആളുകൾ എത്തിയിരുന്നു. സൂക്ഷിച്ചു നോക്കിയാൽ വാനരന്റെ മുഖത്തോടും സാദൃശ്യമുണ്ട്. മനുഷ്യക്കു‌ഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിലിന്റെ ശബ്ദം. നാവായിക്കുളം കപ്പാംവിള അജിതാ ഭവനിൽ അജിതയുടെ ആടിന്റെ കടിഞ്ഞൂൽ പ്രസവത്തിലാണ് ഇങ്ങനെയൊരു ആൺ ആട്ടിൻകുട്ടി ജനിച്ചത്. ഒറ്റകുട്ടിയേ ഉണ്ടായിരുന്നുള്ളൂ. കുട്ടിക്ക് അസാധാരണ വലിപ്പവുമുണ്ടായിരുന്നു. ആട്ടിൻകുട്ടിയുടെ നെറ്റിത്തടം ഉന്തിയ നിലയിലും മൂക്ക് നീണ്ടും തലയുടെ മുകൾഭാഗം മനുഷ്യന്റെ തലയോടിനോട് സാമ്യമുള്ള നിലയിലുമായിരുന്നു. നാവ് ഒരു വശത്തേക്കിട്ട് എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുമായിരുന്നു. തള്ളയാട് മുലയൂട്ടാൻ വിസമ്മതിച്ചതോടെ പാൽ കുപ്പിയിൽ നിറച്ച് വീട്ടുകാർ ജീവൻ നിലനിറുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.