തിരുവനന്തപുരം : ഹെഡ് ആൻഡ് നെക്ക് കാൻസർ രോഗവിദഗ്ദ്ധരുടെ ദേശീയ സംഘടനയായ ഫൗണ്ടേഷൻ ഒഫ് ഹെഡ് ആൻഡ് നെക്ക് ഓങ്കോളജിയുടെ (എഫ്.എച്ച്.എൻ.ഒ) 21-ാം ത്രിദിന ദേശീയ സമ്മേളനത്തിന് ഇന്ന് ആ‌‌ർ.സി.സിയിൽ തുടക്കമാകും. ഓൺലൈനായി നടത്തുന്ന സമ്മേളനത്തിന്റെ പ്രധാനവേദിയാണ് ആർ.സി.സിയിൽ സജ്ജമാക്കിയിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 7.30ന് മന്ത്രി വീണാജോർജ് ഓൺലൈനായി നിർവഹിക്കും. എഫ്.എച്ച്.എൻ.ഒ ദേശീയ പ്രസിഡന്റ് ഡോ. അലോക് താക്കർ അദ്ധ്യക്ഷത വഹിക്കും. ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ മുഖ്യപ്രഭാഷണം നടത്തും. എഫ്.എച്ച്.എൻ.ഒ ദേശീയ സെക്രട്ടറി ഡോ. വിക്രം കേകട്പുര, ആർ.സി.സിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഷാജിതോമസ്, സംഘാടകസമിതി ചെയർമാൻ ഡോ. ബിപിൻ ടി. വർഗീസ്, സെക്രട്ടറി ഡോ. എലിസബത്ത് മാത്യു ഐപ്പ് എന്നിവർ സംസാരിക്കും.