കണിയാപുരം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ചാന്നാങ്കര തെറ്റിക്കുഴി മൈവള്ളി തോട് അടിയന്തരമായി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൈക്കാവ് മുക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കഠിനംകുളം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള നൂറോളം പേർ പങ്കെടുത്തു. നേരത്തെ ഉണ്ടായിരുന്ന തോട് മൂടിപ്പോയതിനാൽ വെള്ളമൊഴുകി പോകാൻ കഴിയാതെ പ്രദേശത്തെ നിരവധി വീടുകൾ ചെറിയ മഴയത്തുപോലും വെള്ളത്തിനടിയിലാവുകയാണ്. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.