ആറ്റിങ്ങൽ: ആലംകോട് മത്സ്യ മാർക്കറ്റിന് സമീപം നിറുത്തിയിട്ടിരുന്ന മത്സ്യലോറി നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. മണിക്കൂറുകളോളം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് മലിനജലം പൊതുനിരത്തിലേക്ക് ഒഴുകിയതിനെ തുടർന്നാണ് ലോറി പിടിച്ചെടുത്തത്. ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ മത്സ്യം ഉൾപ്പെടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു. നഗരസഭാ ചട്ടപ്രകാരം പിടിച്ചെടുത്ത വാഹനത്തിന് 25,​000 രൂപ പിഴ ചുമത്തി. നിരവധി വാഹനങ്ങൾ ഇത്തരത്തിൽ മാർക്കറ്റിന് പുറത്ത് നിറുത്തിയിട്ട് മലിനജലം ഒഴുക്കിവിടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വ്യാപകമായി പരിശോധനകൾ നടത്തി ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി എസ്. വിശ്വനാഥൻ അറിയിച്ചു.