
ബാലരാമപുരം: ബാലരാമപുരം –കാട്ടാക്കട റോഡിന്റെ പുനഃരുദ്ധാരണം മൂന്ന് വർഷമായിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. മൂന്ന് വർഷം മുമ്പ് 8.5 കോടി രൂപ ചെലവിൽ ആരംഭിച്ച നവീകരണമാണ് ഗണപതിക്കല്യാണം പോലെ നീളുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് ദേശീയപാത അതോറിറ്റിയാണ് റോഡിന്റെ നവീകരണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ മരണമാണ് തുടക്കത്തിലേ പദ്ധതിക്ക് തിരിച്ചടിയായത്. രണ്ടുവർഷത്തോളമാണ് ഇതിനെത്തുടർന്ന് നവീകരണം മുടങ്ങിയത്. റീ ടെൻഡർ വിളിച്ച് പുതിയ കരാറുകാരന് വർക്ക് കൈമാറിയെങ്കിലും ഒരു വർഷത്തോളമായി ഇതും അനിശ്ചിതത്വത്തിലാണ്.
പുതിയ കരാറുകരാൻ ഇടയ്ക്കിടെ ചില കുഴിയടയ്ക്കലുകൾ നടത്തിയത് മാത്രമാണ് ആകെയുണ്ടായത്. എന്നാൽ ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ഇവയെല്ലാം ഒലിച്ചുപോയി. റോഡിൽ അങ്ങളോളമിങ്ങോളമുള്ള കുഴികളിൽ വീണ് യാത്രക്കാരുടെ നടുവൊടിയുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും നവീകരണം പൂർത്തിയാക്കാൻ കരാറുകാരന് കർശന നിർദ്ദേശം നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തീരാദുരിതം
നിലവിൽ ബാലരാമപുരം മുതൽ കണ്ടല വരെ 7 കിലോമീറ്ററിൽ കുഴികൾ കാരണം കാൽനട യാത്രപോലും അസാദ്ധ്യമായ അവസ്ഥയാണ്. ഈ ഭാഗത്തെ ഓടകളുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും പലയിടങ്ങളിലും സ്ലാബുകൾ സ്ഥാപിച്ചിട്ടില്ല. ഇതുകാരണം ഓടകൾ പലതും മണ്ണും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ബാലരാമപുരം മുതൽ എരുത്താവൂർ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്ത് നിരവധി വലിയ കുഴികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. താത്കാലിക കുഴിയടയ്ക്കൽ പാളിയതോടെ ഇതുവഴി യാത്ര ചെയ്യുന്നത് വാഹനങ്ങൾക്ക് പേടിസ്വപ്നമാകുകയാണ്.
അപകടങ്ങളും പതിവാകുന്നു
റോഡിലെ വലിയ കുഴികൾ കാരണം അപകടങ്ങളും നിത്യസംഭവമാണ്. ചാനൽപ്പാലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടതാണ് അവസാന സംഭവം. ഇങ്ങനെ ചെറുതും വലുതുമായി നിരവധി അപകടങ്ങൾ ദിവസവും ഉണ്ടായിട്ടും അധികൃതർ നിസംഗത പുലർത്തുകയാണെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.
താത്കാലിക കുഴിയടയ്ക്കൽ പാളി
പ്രതിഷേധം ശക്തമായതോടെ ആറ് മാസം മുമ്പ് താത്കാലികമായുള്ള കുഴിയടയ്ക്കൽ നടത്തിയെങ്കിലും പിന്നാലെ വന്ന വാഹനങ്ങളോടൊപ്പം ഈ ടാറിംഗും പോയി. ഇതോടെ റോഡിലൂടെ ജീവൻ കൈയിൽപ്പിടിച്ച് യാത്രചെയ്യേണ്ട അവസ്ഥയായി. മഴ മാറിയാൽ രണ്ടാഴ്ചയ്ക്കകം പണികൾ തുടങ്ങുമെന്നാണ് ദേശീയപാത വിഭാഗം അറിയിച്ചിരിക്കുന്നത്. എന്നാൽ മഴമാറി നിന്ന മൂന്ന് മാസക്കാലം റോഡിന്റെ നവീകരണം ബോധപൂർവം കരാറുകാരൻ വൈകിപ്പിച്ചതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാണ്.
നാട്ടുകാരുടെ ആവശ്യങ്ങൾ
01. റോഡിലെ കുഴികൾ നികത്താൻ അടിയന്തരമായി ഫണ്ട് അനുവദിക്കണം
02. നിർമ്മാണം വൈകിപ്പിക്കുന്ന കരാറുകാരന്റെ ലൈസൻസ് റദ്ദാക്കണം
03.പുതിയ കരാറുകാരന് വർക്ക് കൈമാറണം.
04. എരുത്താവൂർ -ബാലരാമപുരം വഴിയുള്ള കരിങ്കൽ ലോറികളുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തണം
05. റോഡിനിരുവശത്തെയും ഓടകൾ പുനർ നവീകരിക്കണം
.