വ്യക്തത ആവശ്യപ്പെട്ട് കേരളമാരിടൈം ബോർഡ് സർക്കാരിന് കത്ത് നൽകി


കോവളം: ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയെങ്കിലും ചരക്ക് കപ്പലുകൾ അടുക്കുന്ന വിഴിഞ്ഞം ഉൾപ്പെടെയുളള പോർട്ടുകളുടെ കാര്യത്തിൽ അധികൃതരുടെ തീരുമാനം ലഭിച്ചില്ല. നിരീക്ഷണം കർശനമാക്കുന്നതിനെക്കുറിച്ച് വ്യക്തത വരുത്താൻ കേരള മാരിടൈം ബോർഡ് സർക്കാരിന് കത്തുനൽകി. ഇതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ക്രൂ ചേഞ്ചിംഗിനും ചരക്കിറക്കുന്നതിനുമായി നിരവധി കപ്പലുകളാണ് കേരളത്തെ തുറമുഖങ്ങളിൽ ദിനംപ്രതി വന്നുപോകുന്നത്. പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിശോധനയോ ക്വാറന്റൈൻ നിർദ്ദേശമോ കപ്പൽ തൊഴിലാളികൾക്ക് ബാധകമാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ കപ്പലുകൾ അടുക്കുന്ന തുറമുഖങ്ങളിൽ ഒന്നായ വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗിനായി കഴിഞ്ഞ ദിവസവും രണ്ട് വിദേശ കപ്പലുകൾ വന്ന് മടങ്ങി. എം.ടി ഫ്രണ്ട് ഡ്യൂക്ക്, എം.ടി.എസ്.ടി.ഐ മാജിസ്റ്ററർ എന്നിവയിൽ നിന്നുള്ള അറുപതോളം ജീവനക്കാർ വിഴിഞ്ഞം തുറമുഖം വഴി മാത്രം നാട്ടിലേക്ക് വണ്ടികയറി.

കാര്യമായ പരിശോധനകൾ ഒന്നും ഇവർക്ക് നടത്തിയില്ല. പനി പോലുള്ള രോഗലക്ഷണവുമായി വരുന്നവരെ ഇറക്കാതെ ക്രൂ ചേഞ്ചിംഗ് പൂർണമായി ഒഴിവാക്കി കപ്പലിനെ തിരിച്ചയയ്ക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. എന്നാൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ വേണ്ട നിർദ്ദേശങ്ങൾ കിട്ടാത്തത് ആശയക്കുഴപ്പത്തിന് കാരണമാകുന്നതായും അധികൃതർ പറയുന്നു.