praveen

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുതിയ പഞ്ചഗവ്യത്തു നമ്പിയായി ഇടപാടി ശങ്കരനാരായണൻ പ്രവീണും പെരിയ നമ്പിയായി ശ്രീമാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശും ചുമതലയേറ്റു. പെരിയ നമ്പിയായി സേവനമനുഷ്ഠിച്ചിരുന്ന ഇടപാടി രാധാകൃഷ്ണൻ രവിപ്രസാദ് കുട വച്ചൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സ്ഥാനാരോഹണം. വിഷ്ണു വിഷ്ണു പ്രകാശ് ക്ഷേത്രത്തിലെ മുൻ തെക്കേടം നമ്പിയായിരുന്നു. തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ തന്ത്രി സതീശൻ നമ്പൂതിരിപ്പാട് ദീക്ഷാകലശം നടത്തി. തുടർന്ന് പടിഞ്ഞാറേ മഠം പുഷ്പാഞ്ജലി സ്വാമിയാരായ ഒറവങ്കര അച്യുത ഭാരതിയിൽ നിന്ന് ഓലക്കുട വാങ്ങി പ്രവീൺ നമ്പി സ്ഥാനം ഏറ്റെടുത്തു. കിഴക്കേമഠം പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, യോഗത്തിൽ പോറ്റിമാരായ കൊല്ലൂർ അത്തിയറമഠം കൃഷ്ണരു, വഞ്ചിയൂർ അത്തിയറമഠം രാമരു, കൂപക്കര മഠം സജ്ഞയ് കുമാർ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ശ്രീകാര്യക്കാർ നാരായണയ്യർ പഞ്ചഗവ്യത്തു നമ്പിയെ അവരോധിച്ചുകൊണ്ടുള്ള നീട്ട് വായിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി. സുരേഷ് കുമാർ, മാനേജർ ബി. ശ്രീകുമാർ, അസിസ്റ്റന്റ് ശ്രീകാര്യം ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. 14 വർഷം കർണാടക സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു ഇടപാടി ശങ്കരനാരായണൻ പ്രവീൺ. ദക്ഷിണ കർണാടകയിലെ കൊക്കട ഗ്രാമത്തിലെ ഇടപാടി കുടുംബാംഗമാണ്. ഭാര്യ:വൃന്ദ. മക്കൾ: പ്രതീക്ഷ, പ്രാർത്ഥന.